ബോളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചോടിച്ചു; ഏകദിനത്തില്‍ വീണ്ടും ഇരട്ടസെഞ്ചുറി - ചരിത്രമെഴുതി പാക് താരം

Webdunia
വെള്ളി, 20 ജൂലൈ 2018 (20:40 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുക്കര്‍ തുറന്നിട്ട ഏകദിന ക്രിക്കറ്റിലെ 200 റണ്‍സ് ക്ലബ്ബിലേക്ക് മാര്‍ട്ടിന്‍ ഗുപ്‌റ്റിലിന് ശേഷം പാകിസ്ഥാന്‍ താരവും. പാക് ഓപ്പണര്‍ ഫഖര്‍ സമാനാണ് ആറാമനായി പട്ടികയില്‍ ഇടം പിടിച്ചത്.

സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിലാണ് 156 പന്തില്‍ 24 ഫോറും അഞ്ച് സിക്‌സും സഹിതമാണ് ഫഖര്‍ സ്വപ്‌നനേട്ടം സ്വന്തമാക്കിയത്. ഏകദിനത്തില്‍ ആദ്യ ഇരട്ട സെഞ്ചുറി നേടുന്ന പാക് താരമായ ഈ ഇരുപത്തിയെട്ടുകാരന്‍ ഏറെനാള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായിരുന്നു സയ്യിദ് അന്‍വറിന്റെ 194 റണ്‍സും മറികടന്നു.

തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ഫഖര്‍ പതിയെ താളം കണ്ടെത്തി. ആദ്യ ഇരുപത് പന്തുകള്‍ നേരിട്ട താരം രണ്ടു ബൌണ്ടറികള്‍ മാത്രമാണ് നേടിയത്. 51 പന്തുകളില്‍ നിന്ന് അര്‍ദ്ധസെഞ്ചുറിയ നേടിയ താരം 92 പന്തുകളില്‍ നിന്നായി സെഞ്ചുറിയും സ്വന്തമാക്കി. ഇതോടെ ബാറ്റിംഗിന്റെ വേഗം കൂട്ടിയ ഫഖര്‍ സിംബാബ്‌വെ ബോളര്‍മാരെ തലങ്ങും വിലങ്ങും ശിക്ഷിച്ചു.

ഫോറുകള്‍ തുടര്‍ച്ചയായി  ഒഴുകി. സിക്‍സുകള്‍ അകന്നു നിന്നുവെങ്കിലും ബൌണ്ടറികള്‍ക്ക് യാതൊരു കുറവുമില്ലായിരുന്നു ബുലവായോ ഗ്രൌണ്ടില്‍. പാക് താരത്തെ പിടിച്ചുകെട്ടാന്‍ ആയുധമില്ലാതെ ബോളര്‍മാര്‍ പരുങ്ങിയപ്പോള്‍ 115 പന്തുകളില്‍ നിന്ന് 150റണ്‍സ് ഫഖര്‍ അടിച്ചു കൂട്ടി. തുടര്‍ന്ന് 200 റണ്‍സെന്ന സ്വപ്‌ന നേട്ടത്തിലേക്ക് എത്താന്‍ അദ്ദേഹത്തിനു കുറച്ചു നിമിഷം മാത്രം മതിയായിരുന്നു.

2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സച്ചിന്‍ സ്വന്തമാക്കിയ 200 റണ്‍സാണ് ക്രിക്കറ്റ് ലോകത്ത് വിരിഞ്ഞ ആദ്യ ഇരട്ട സെഞ്ചുറി. തന്റെ ഈ നേട്ടം വീരേന്ദ്രര്‍ സെവാഗ് മറികടക്കുമെന്ന സച്ചിന്റെ പ്രവചനം അന്വര്‍ഥമായത് തൊട്ടടുത്ത വര്‍ഷമാണ്.

വെസ്‌റ്റ് ഇന്‍ഡീസിനെതിരെ 219 റണ്‍സ് അടിച്ചു കൂട്ടിയ വീരു 200റണ്‍സ് ക്ലബ്ബില്‍ സച്ചിനൊപ്പം ഇരുപ്പുറപ്പിച്ചു. ഇനിയാരും ഈ നേട്ടം കൈയെത്തി പിടിക്കില്ലെന്ന് ക്രിക്കറ്റ് ലോകം ആവര്‍ത്തിച്ചതിന് പിന്നാലെ 2013ല്‍ ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശര്‍മ്മ 209 റണ്‍സ് നേടി. തൊട്ടടുത്ത വര്‍ഷം തന്നെ ഏകദിന ക്രിക്കറ്റിനെ ഞെട്ടിച്ച സ്‌കോറും രോഹിത് സ്വന്തം പേരിലാക്കി.

ഈഡന്‍ ഗാര്‍ഡനെ സാക്ഷിയാക്കി ലങ്കയെ പഞ്ഞിക്കിട്ട ഇന്ത്യയുടെ ഹിറ്റ്‌മാന്‍ അടിച്ചു കൂട്ടിയത് 264റണ്‍സാണ്. 2015ല്‍ രണ്ടു ഇരട്ട സെഞ്ചുറികളാണ് ക്രിക്കറ്റ് ലോകം കണ്ടത്. സിബാബ്‌വെക്കെതിരെ വെസ്‌റ്റ് ഇന്‍ഡീസ് കരുത്തനായ ക്രിസ്‌ ഗെയില്‍ 215 റണ്‍സ് നേടിയപ്പോള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ വിന്‍ഡീസിനെതിരെ 237 റണ്‍സുമായി മാര്‍ട്ടില്‍ ഗുപ്‌റ്റിലും 200 റണ്‍സ് ക്ലബ്ബിലെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article