മടയിൽ കയറി പണികൊടുത്തു: പാകിസ്ഥാൻ്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി, ടെസ്റ്റ് സീരീസിൽ വൈറ്റ് വാഷ് ചെയ്ത് ഇംഗ്ലണ്ട്

ചൊവ്വ, 20 ഡിസം‌ബര്‍ 2022 (16:39 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും തോൽവി ഏറ്റുവാങ്ങി പാകിസ്ഥാൻ. അവസാന ടെസ്റ്റിൽ എട്ട് വിക്കറ്റിൻ്റെ വമ്പൻ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. കറാച്ചിയിൽ നടന്ന മൂന്നാം ടെസ്റ്റിലെ നാലാം ദിനത്തിൽ വെറും 55 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് 40 മിനുട്ടുകൾ കൊണ്ട് ചടങ്ങുകൾ പൂർത്തിയാക്കി വിജയം സ്വന്തമാക്കി. പാകിസ്ഥാനിൽ സമ്പൂർണ്ണ വിജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് പട ചരിത്രം കുറിച്ചത്.
 
പാക്കിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 304 റണ്‍സിന് മറുപടിയായി ഇം​ഗ്ലണ്ട് 354 റൺസാണ് കുറിച്ചത്.  111 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്‍റെയും 64 റണ്‍സെടുത്ത ബെൻ ഫോക്സിൻ്റെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. രണ്ടാം ഇന്നിങ്ങ്സിൽ വെറും 216 റൺസിന് പാക് ഇന്നിങ്ങ്സ് അവസാനിച്ചു. 54 റൺസുമായി നായകൻ ബാബർ അസം 53 റൺസുമായി സൗദ് ഷക്കീൽ എന്നിവർക്ക് മാത്രമെ ഭേദപ്പെട്ട പ്രകടനം നേടാനായുള്ളൂ.
 
പാകിസ്ഥാൻ കുറിച്ച 162 റൺസ് വിജയലക്ഷ്യം കുറിക്കാനിറങ്ങിയ ഇംഗ്ലണ്ടിനായി സാക്ക് ക്രൗളിയും ബെൻ ഡക്കറ്റും ഉജ്വല തുടക്കമാണ് നൽകിയത്. 41 റൺസെടുത്ത ക്രൗളിയും 10 റൺസുമായി റീഹാനും പുറത്തായെങ്കിലും ‍ഡക്കറ്റും നായകൻ ബെൻ സ്റ്റോക്സും ചേർന്ന് അനായാസം ഇം​ഗ്ലണ്ടിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 78 പന്തിൽ നിന്നും ഡക്കറ്റ് 82 റൺസ് സ്വന്തമാക്കി.സ്റ്റോക്സ് 35 റൺസും നേടി. ഇംഗ്ലണ്ടിൻ്റെ ഹാരി ബ്രൂക്സാണ് പരമ്പരയിലെ താരം. ഇതാദ്യമായാണ് പാകിസ്ഥാൻ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണ തോൽവി ഏറ്റുവാങ്ങുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍