അവസരത്തിനായി പുജാര കാത്തുനിൽക്കുന്നുണ്ടെന്ന് മറക്കരുത്, ഗില്ലിനെ ഓർമിപ്പിച്ച് ശാസ്ത്രി

അഭിറാം മനോഹർ

വെള്ളി, 2 ഫെബ്രുവരി 2024 (20:16 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയതോടെ യുവതാരം ശുഭ്മാന്‍ ഗില്ലിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പരിശീലകനായ രവിശാസ്ത്രി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 34 റണ്‍സിനാണ് താരം പുറത്തായത്. ഇംഗ്ലണ്ടിനെതിരെ താരതമ്യേന യുവനിരയാണ് രണ്ടാം ടെസ്റ്റില്‍ കളിക്കുന്നത്. ശുഭ്മാന്‍ ഗില്ലിനെ പോലൊരു താരം ഇത്തരത്തില്‍ കളിക്കുമ്പോള്‍ ടീമിന് വെളിയില്‍ പുജാരയടക്കമുള്ള താരങ്ങള്‍ അവസരം കാത്തിരിക്കുകയാണെന്ന് മറക്കരുതെന്നാാണ് ശാസ്ത്രി ഓര്‍മിപ്പിച്ചത്.
 
മികച്ച രീതിയില്‍ ഇന്നിങ്ങ്‌സ് ആരംഭിച്ചെങ്കിലും 46 പന്തില്‍ 34 റണ്‍സെടുത്ത താരം ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ പരിചയസമ്പന്നനായ ചേതേശ്വര്‍ പുജാരയുടെ മൂന്നാം നമ്പറില്‍ കളിക്കുന്ന താരം ഇതുവരെയും പുജാര ഒഴിച്ചിട്ട വിടവ് നികത്തിയിട്ടില്ല. മൂന്നാം നമ്പറില്‍ ദയനീയ പ്രകടനമാണ് താരം ടെസ്റ്റില്‍ കാഴ്ച വെയ്ക്കുന്നത്. അതേസമയം രഞ്ജിയിലെ 7 ഇന്നിങ്ങ്‌സില്‍ നിന്നും 89.6 റണ്‍സ് ശരാശരിയില്‍ 538 റണ്‍സാണ് താരം അടിച്ചെടുത്തത്. തന്റെ ഓരോ അവസരവും നഷ്ടപ്പെടുത്തുമ്പോള്‍ ടീമിന് പുറത്ത് പുജാര തന്റെ അവസരം കാത്തിരിക്കുകയാണെന്നാണ് ശാസ്ത്രി യുവതാരത്തെ ഓര്‍മിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍