സമകാലീക ക്രിക്കറ്റ് താരങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം മത്സരം നടക്കുന്നത് വിരാട് കോലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ തമ്മിലാണ്. ടി20യിലും ഏകദിനത്തിലും ഏറെക്കാലം കോലി ലോക ഒന്നാം നമ്പര്‍ താരമായിരുന്നെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയേക്കാളും ആധിപത്യം പുലര്‍ത്തിയ താരമാണ് സ്റ്റീവ് സ്മിത്ത്. കോലിയും സ്മിത്തും തമ്മില്‍ ആരോഗ്യകരമായ മത്സരമാണുള്ളത്. അതിനാല്‍ തന്നെ കളിക്കളത്തിന് പുറത്തും ഇരുതാരങ്ങളും തമ്മില്‍ വലിയ അളവില്‍ പരസ്പര ബഹുമാനം പുലര്‍ത്തുന്നുണ്ട്.
ഇത് വ്യക്തമാക്കുന്ന ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ദിനേഷ് കാര്‍ത്തിക്. ഇക്കഴിഞ്ഞ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലടക്കം കോലി നല്‍കിയ ബാറ്റ് ഉപയോഗിച്ച് കൊണ്ടാണ് സ്മിത്ത് ബാറ്റ് ചെയ്തിരുന്നത് എന്ന വെളിപ്പെടുത്തലാണ് ദിനേഷ് കാര്‍ത്തിക് നടത്തിയിരിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ഞാന്‍ സ്റ്റീവ് സ്മിത്തിനെ കണ്ടിരുന്നു. അന്ന് സ്മിത്തിന്റെ ബാറ്റില്‍ കോലിയെന്ന് എഴുതിയിരിക്കുന്നത് കണ്ടു. അതിനെ പറ്റി ചോദിച്ചപ്പോള്‍ കോലി സമ്മാനിച്ച ബാറ്റ് ഉപയോഗിച്ചാണ് താന്‍ കളിക്കുന്നതെന്നാണ് സ്മിത്ത് പറഞ്ഞതെന്ന് കാര്‍ത്തിക് പറയുന്നു.
ആഷസില്‍ കോലി സമ്മാനിക്കാന്‍ പോകുന്ന ബാറ്റിനായി താന്‍ കാത്തിരിക്കുകയാണെന്ന് സ്മിത്ത് പറഞ്ഞതായും കാര്‍ത്തിക് പറയുന്നു. ഇത് അവര്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തെയും സൗഹൃദത്തെയുമാണ് കാണിക്കുന്നതെന്ന് ദിനേഷ് കാര്‍ത്തിക് പറയുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനിടെ പന്ത് ചുരുണ്ടല്‍ വിവാദം കഴിഞ്ഞെത്തിയ സ്റ്റീവ് സ്മിത്തിനെ ഇന്ത്യന്‍ ആരാധകര്‍ കൂവി വിളിച്ചിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ട കോളി ആരാധകരോട് കയ്യടിക്കാന്‍ ആവശ്യപ്പെടുകയും ഈ സംഭവത്തിന് കോലിക്ക് ഐസിസിയുടെ സ്‌പോര്‍ട്ട്മാന്‍ സ്പിരിറ്റിനുള്ള അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. കളിക്കളത്തില്‍ എതിരാളികളാകാമെങ്കിലും ഊഷ്മളമായ ബന്ധമാണ് ഇരുതാരങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത്.