ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

ചൊവ്വ, 30 ഡിസം‌ബര്‍ 2014 (15:29 IST)
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ പരാജയം നേരിട്ടതിനുബ് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി വിരമിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നഷ്ടമായതിനു പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിടവാങ്ങുന്നതായി ധോണി അറിയിച്ചത്. ഓസ്ട്രേലിയയ്ക്ക് എതിരായ അടുത്ത ടെസ്റ്റില്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമിനെ നയിക്കും.

മത്സരം അവസാനിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും രാജിക്കാര്യം ധോണി പറഞ്ഞിരുന്നില്ല. ഇന്ത്യ നന്നായി കളിച്ചു. ടീമംഗങ്ങള്‍ നന്നായി കഴിവിനൊത്ത് കളിച്ചു എന്നാണ് അപ്പോള്‍ ധോണി പറഞ്ഞത്. എന്നാല്‍ അതിനു ശേഷം നടത്തിയ പത്ര സമ്മേളത്തിലാണ് ധോണി തന്റെ രാജിക്കാര്യം പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ തീരുമാനം നടപ്പിലാക്കുമെന്നാണ് സൂചന. അങ്ങനെയായാല്‍ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇനി വിരാട് കോഹ്‌ലിയാകും നയിക്കുക. നേരത്തെ തന്നെ കോഹ്‌ലി ഇന്ത്യയെ നയിക്കാന്‍ പ്രാപ്തിയുള്ള താരമാണെന്ന് പ്രഖ്യാപിച്ചിരുന്നു.

ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രക്ടനത്തൊടെയാണ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകസ്ഥാനത്തേക്കുയര്‍ന്നത്. എന്നാല്‍ പിന്നീട് ഈ തിളക്കം നിലനിര്‍ത്താന്‍ ധോണിക്ക് സാധിച്ചില്ല. പല മത്സരങ്ങളിലും പരമ്പര എതിരാളികള്‍ക്ക് മുന്നില്‍ അടിയറവയ്ക്കേണ്ടി വന്നു ഇന്ത്യയ്ക്ക്. ഇന്ത്യ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റ് ജയിച്ചത് ധോണിയുടെ മികവിലാണ്. എന്നാല്‍ വിദേശ പിച്ചില്‍ ഏറ്റവും കൂടുതല്‍ പരാജയപ്പെട്ട ക്യാപ്റ്റന്‍ എന്ന വിരോധാഭാസവും ധോണിയുടെ പേരിലാണുള്ളത്. ആറു പരമ്പരകള്‍ ഇന്ത്യ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ വിദേശത്ത് അടിയറവച്ചിരുന്നു.

കഴിഞ്ഞ ഓസിസ് പര്യടനത്തിലും ഇംഗണ്ട് പര്യടനത്തിലും ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതേ തുടര്‍ന്ന്, ധോണി ക്യാപ്റ്റന്‍സി രാജിവയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. പകരം വിരാട് കോഹ്ലിയെ ക്യാപ്റ്റനാക്കണമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ധോണിയില്‍ ഒരിക്കല്‍ കൂടി വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ടെസ്റ്റില്‍ ധോണിയുടെ ക്യാപ്റ്റന്‍സി കാലം കഴിഞ്ഞെന്നും സ്ഥാനമൊഴിയണമെന്നും മുന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ ടീം കളിച്ച 90 ടെസ്റ്റ് മത്സരങ്ങളില്‍ 60 ടെസ്റ്റുകളിലും നായകന്‍ ധോണിയായിരുന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ നായകനായിരുന്ന താരമാണ് ധോണി. ഐസിസി‌ഐയുടെ മൂന്ന് കിരിടങ്ങളും നേടിയത് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം ജയിച്ചത് 22 എണ്ണത്തിലാണ്. എന്നാല്‍ ഇവയിലധികവും ഇന്ത്യയില്‍ വച്ചുള്ളതാണ്. എന്നാല്‍ തോല്‍‌വിയേറ്റുവാങ്ങിയ 18 മത്സരങ്ങളില്‍ അധികവും വിദേശത്തുമായിരുന്നു. 15 മത്സരങ്ങളില്‍ ധോണിയുടെ കീഴില്‍ ടീ‍മിന് സമനില വഴങ്ങേണ്ടിവന്നു.

60 ടെസ്റ്റുകളില്‍ നിന്നായി 4876 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ആറ് സെഞ്ചുറികളും 33 അര്‍ധ സെഞ്ചുറികളും നേടി.  216 ക്യാച്ചും, 38 സ്റ്റമ്പിംഗും ധോണിയുടെ സമ്പാദ്യമാണ്. ഒരു ടെസ്റ്റ് പരമ്പയില്‍ ഏറ്റവും കൂടുതല്‍ സ്റ്റമ്പിംഗ് നടത്തിയ ക്രിക്കറ്റര്‍ എന്ന ബഹുമതിയും ധോണിക്കാണുള്ളത്. 2008ലാണ് ധോണി ആദ്യമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകസ്ഥാനത്ത് എത്തുന്നത്. ട്വന്റി 20 ടീമില്‍. തുടര്‍ന്ന് ഏകദിനത്തിലും ടെസ്റ്റ് ടീമിലും നായക സ്ഥാനം ധോണിയേ തേടിയെത്തി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക