ധോണിക്ക് ഗോള്‍ഡന്‍ ഡക്ക്, ഇന്ത്യ നാണംകെട്ട് തോറ്റു !

Webdunia
ഞായര്‍, 8 ഫെബ്രുവരി 2015 (17:36 IST)
ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള് സന്നാഹ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയോട് 106 റണ്‍സിന് തോറ്റു. ക്യാപ്റ്റന്‍ ധോണി ഗോള്‍ഡന്‍ ഡക്ക് ആയി പുറത്താവുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 48.2 ഓവറില്‍ 371 റണ്‍സെടുത്തു ഓള്‍ ഔട്ട് ആയി.  വാര്‍ണറും മാക്‌സ്വെല്ലുമാണ് ഓസ്ട്രേലിയന്‍ ബാറ്റിങ്ങില്‍ തിളങ്ങിയത്.  83 പന്തില്‍ 104 റണ്‍സെടുത്തപ്പോള്‍ വെറും 57 പന്തില്‍ മാക്‌സ്വെല്‍ 122 റണ്‍സെടുത്തു.
 
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. ഇതോടെ പ്രതിരോധത്തിലായ ഇന്ത്യയെ ശിഖര്‍ ധവാനും വിരാട് കോലിയും ചേര്‍ന്ന് മികച്ച രീതിയില്‍ മുന്നോട്ട് പോകവെ കോലിയുടെ വിക്കറ്റ് വീണു. പിന്നീടെത്തിയ രഹാനെയെ കൂട്ട്പിടിച്ച് പിടിച്ച് ധവാന്‍ ഇന്ത്യയെ മെച്ചപ്പെട്ട നിലയിലെത്തിച്ചു. ധവാന്‍ 59 ഉം, രഹാനെ 66 ഉം റണ്‍സെടുത്തു. എന്നാല്‍ രഹാനെയും പിന്നാലെ ധവാനും ഔട്ടായതൊടെ മത്സരം ഓസ്ട്രേലിയ തിരിച്ചുപിടിച്ചു.
 
പിന്നീട് എത്തിയ റെയ്ന്‍ ഒമ്പത് റണ്‍സെടുത്ത് നില്‍ക്കവെ റണ്ണൌട്ടായി. തൊട്ടുപിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി റണ്ണൊന്നുമെടുക്കാതെ ഔട്ടായത് ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിച്ചുകളഞ്ഞു. കമ്മിന്‍സിന്റെ പന്തില്‍ സ്റ്റാര്‍ക്കിന് പിടികൊടുത്താണ് ധോണി വന്നവഴിയെ തിരിച്ചുപോയത്.അഞ്ച് റണ്‍സെടുത്ത് സ്റ്റുവര്‍ട്ട് ബിന്നിയും മടങ്ങി. 
 
ആറാമനായി ഇറങ്ങിയ അന്പാട്ടി റായ്ഡുവാണ് സത്യത്തില്‍ ഇന്ത്യന്‍ നിരയില്‍ താരമായത്. നാല് ഫോറും നാല് സിക്സറും അടക്കം 42 പന്തില്‍ റായ്ഡു 53 റണ്‍സെടുത്തു. റായ്ഡുവും രവീന്ദ്ര ജഡേജയും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ കളിയിലേക്ക് മടക്കിക്കൊണ്ടുവരും എന്ന് പ്രതീക്ഷിച്ചെങ്കിലും അതും നടന്നില്ല. ഒടുവില്‍ 45.1 ഓവറില്‍ 265 റണ്‍സിന് എല്ലാവരും പുറത്തായി. 
 
ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനം എത്രത്തോളമുണ്ടാകും എന്ന്തിന്റെ വ്യക്തമായ സൂചനയാണ് ഇന്ന് സന്നാഹ മത്സരത്തില്‍ കണ്ടത്. തുടക്കത്തില്‍ തന്നെ നാണംകെട്ട തോല്‍‌വിയുമായി ഇന്ത്യ നില്‍ക്കുന്നത് വരാന്‍ പോകുന്ന മത്സരങ്ങളില്‍ ആരാധകര്‍ക്ക് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. മെച്ചപ്പെട്ട രീതിയില്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യ വീണ്ടും നാണംകെടും. ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനുമായാണ്.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.