ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്മാരാണെങ്കിലും 2020 സീസണിന് സമാനമായ അവസ്ഥയിലാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ആദ്യ മത്സരങ്ങളിൽ ദയനീയമായി പരാജയപ്പെട്ട ചെന്നൈ നിര ഐപിഎല്ലിലെ പോയന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്.ഞായറാഴ്ച രാത്രി നടന്ന കളിയില്‍ പഞ്ചാബ് കിങ്‌സിനോടു 54 റണ്‍സിനാണ് സിഎസ്‌കെ പരാജയപ്പെട്ടത്. തുടർച്ചയായി 3 മത്സരങ്ങളിൽ പരാജയപ്പെട്ട ചെന്നൈക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ആരാധകരിപ്പോൾ.
ലോകത്തെ മികച്ച ഫിനിഷർ എന്നറിയപ്പെടുന്ന ധോനി കഴിഞ്ഞ മത്സരത്തിൽ കാണിച്ച ഡിഫൻസീഫ് മനോഭാവത്തെയാണ് ആരാധകർ വിമർശിക്കുന്നത്. മത്സരത്തിൽ വിജയത്തിലേക്ക് ബാറ്റ് ചെയ്യാൻ ഒരിക്കൽ പോലും ധോനി ശ്രമിക്കാത്തതിനെ ആരാധകർ വിമർശിക്കുന്നു. പതിയ തുടങ്ങി അവസാനം ആഞ്ഞടിക്കുന്ന ധോനിയുടെ സമീപനം കരിയറിന്റെ അവസാനകാലത്ത് ഫലപ്രദമായി നടത്താൻ താരത്തിനാകുന്നില്ല.
ടീം ഒഴിയുന്ന സാഹചര്യത്തിൽ ഒരു പുതിയ യുവനിരയെ പടുത്തുയർത്താനും ധോനിക്കായിട്ടില്ല. ദീപക് ചഹർ കൂടി ലഭ്യമല്ലാതായതോടെ ടീമിൽ പ്രതീക്ഷയർപ്പിക്കാവുന്ന യുവതാരങ്ങളുടെ അഭാവമാണ് ടീമിനെ വലയ്ക്കുന്നത്. കഴിഞ്ഞ സീസണുകളിലെ പ്രധാനതാരങ്ങളിലൊരാളായിരുന്ന റുതുരാജ് ഗെയ്‌ക്ക്‌വാദിന് ഈ സീസണിൽ തിളങ്ങാനായിട്ടില്ല. ടീമിന്റെ നെടുന്തൂണുകളിൽ ഒന്നായിരുന്ന ഡുപ്ലെസിസിനെ കൈവിട്ടതും ചെന്നൈയെ കാര്യമായി ബാധിച്ചു.