ഐപിഎല്ലില്‍ ഫാഫ് ഡുപ്ലെസിസ് എന്ന സൂപ്പര്‍ താരത്തെ കൈവിട്ടത് ചെന്നൈയുടെ ഒരു മണ്ടന്‍ തീരുമാനമാകേണ്ടതായിരുന്നു. ആര്‍സിബിയില്‍ ഫാഫ് തകര്‍ത്തടിക്കുമ്പോള്‍ എന്തിനാണ് ഡുപ്ലെസിയെ പോലൊരു താരത്തെ ചെന്നൈ ഒഴിവാക്കിയെന്ന സംശയം ആരാധകര്‍ക്കുണ്ടാവുക സ്വാഭാവികം. എന്നാല്‍ ഡുപ്ലെസിസ് ഒഴിച്ച വിടവ് കൃത്യമായി നികത്താന്‍ ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കൊണ്‍വെയ്ക്ക് സാധിച്ചപ്പോള്‍ വലിയ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടുക കൂടിയാണ് ചെന്നൈ ചെയ്തത്.
ഐപിഎല്ലിലെ നിര്‍ണായകമായ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 87 റണ്‍സ് നേടികൊണ്ട് ഫാഫ് ഡുപ്ലെസിസിന്റെ ഒഴിവ് നികത്താന്‍ തനിക്ക് കഴിയുമെന്ന് തെളിവ് നല്‍കുകയായിരുന്നു കോണ്‍വെ. ഇന്നലെ റുതുരാജ് ഗെയ്ക്ക്വാദിനൊപ്പം 141 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് താരം സ്വന്തമാക്കിയത്. ഈ സീസണിലെ ഏറ്റവും മികച്ച നാലാമത്തെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുക്കെട്ടാണിത്. കോലിയും ഡുപ്ലെസിസും ചേര്‍ന്ന് നേടിയ 172 റണ്‍സിന്റെ സഖ്യമാണ് ലിസ്റ്റില്‍ ഒന്നാമത്.
2022 ഐപിഎല്‍ സീസണില്‍ ചെന്നൈയ്ക്ക് വേണ്ടി 7 മത്സരങ്ങളില്‍ നിന്നും 42 ബാറ്റിംഗ് ശരാശരിയില്‍ 252 റണ്‍സായിരുന്നു കോണ്‍വെ നേടിയത്. 2023 സീസണില്‍ ഫാഫ് ഡുപ്ലെസിസ് ഓറഞ്ച് ക്യാപ്പിനുള്ള താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ നിരാശനല്‍കുന്ന പ്രകടനമല്ല കോണ്‍വെയുടേതും. 13 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 53 ശരാശരിയില്‍ 585 റണ്‍സാണ് ഈ സീസണില്‍ കോണ്‍വെയുടെ സമ്പാദ്യം. 92* ആണ് സീസണിലെ ഉയര്‍ന്ന സ്‌കോര്‍. വെറും ഒരു കോടി രൂപ മുടക്കിയാണ് കോണ്‍വെയുടെ ഈ നേട്ടമെന്നതും 31 വയസ്സാണ് താരത്തിന്റെ പ്രായമെന്നതും ഭാവിയില്‍ താരം ചെന്നൈ നിരയിലെ തന്നെ സുപ്രധാന സാന്നിധ്യമാകുമെന്ന സൂചനയാണ് നല്‍കുന്നത്.