ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഡേവിഡ് വാര്‍ണര്‍

തിങ്കള്‍, 1 ജനുവരി 2024 (09:33 IST)
ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ക്രിക്കറ്റിനൊപ്പം ഏകദിനത്തില്‍ നിന്നും താന്‍ വിരമിക്കുകയാണെന്ന് വാര്‍ണര്‍ പറഞ്ഞു. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനു ശേഷമാണ് വാര്‍ണര്‍ ടെസ്റ്റില്‍ നിന്നും വിരമിക്കുന്നത്. ഇതിനൊപ്പം തന്നെ ഏകദിന കരിയറിനും ഫുള്‍സ്റ്റോപ്പ് ഇടുകയാണ് താരം. 
 
' ഞാന്‍ ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു. ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നേടുകയായിരുന്നു പ്രധാന ലക്ഷ്യം. അതൊരു വലിയ നേട്ടം തന്നെയാണ്. അതുകൊണ്ട് ടെസ്റ്റിനൊപ്പം ഏകദിനത്തില്‍ നിന്നും ഞാന്‍ വിരമിക്കുന്നു. ചാംപ്യന്‍സ് ട്രോഫി വരികയാണെന്ന് എനിക്ക് അറിയാം. അടുത്ത രണ്ട് വര്‍ഷം ഞാന്‍ മികച്ച രീതിയില്‍ ക്രിക്കറ്റ് കളിക്കുകയാണെങ്കില്‍, ടീമിന് എന്നെ ആവശ്യമുണ്ടായാല്‍ ഞാന്‍ തീര്‍ച്ചയായും ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ ഒരുക്കമാണ്,' വാര്‍ണര്‍ പറഞ്ഞു. 
 
161 മത്സരങ്ങളില്‍ നിന്ന് 45.30 ശരാശരിയില്‍ 6932 റണ്‍സാണ് ഏകദിനത്തില്‍ വാര്‍ണര്‍ നേടിയിരിക്കുന്നത്. 22 സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. 179 ആണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 37 കാരനായ വാര്‍ണര്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ 11 ഇന്നിങ്‌സുകളില്‍ നിന്ന് 48.63 ശരാശരിയില്‍ 535 റണ്‍സ് നേടി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍