ആവേശം നീണ്ട് നിന്ന പോരാട്ടത്തിനൊടുവില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി നിദാഹസ് ട്രോഫി ഫൈനലില്‍ പ്രവേശിച്ച ബംഗ്ലാദേശ് ടീമിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഡ്രസിംഗ് റൂമിന്റെ ഗ്ലാസുകള്‍ തകര്‍ക്കപ്പെട്ടത്.
ശ്രീലങ്ക ഉയര്‍ത്തിയ 160റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനില്‍ക്കെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നതിന്റെ ആവേശവും ലങ്കന്‍ താരങ്ങളുടെ മോശം പെരുമാറ്റത്തിലും കലിലൂണ്ട ബംഗ്ലദേശ് താരങ്ങള്‍ ഡ്രസിംഗ് റൂമിന്റെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു.
ഡ്രസിംഗ് റൂം അടിച്ചുതകർത്ത താരത്തെ സിസിടിവി പരിശോധിച്ച് കണ്ടെത്താൻ മാച്ച് റഫറി ക്രിസ് ബ്രോഡ് ഗ്രൗണ്ട് സ്റ്റാഫിനു നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് സംഭവത്തില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് പങ്കുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
അന്വേഷണത്തില്‍ സംഭവസമയത്ത് ഡ്രസിംഗ് റൂമില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരനാണ് ഷാക്കിബിന് വിഷയത്തില്‍ പങ്കുണ്ടെന്ന് അറിയിച്ചതെന്നാണ് ശ്രീലങ്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്‌തത്. ഇക്കാര്യം അന്വേഷണ സംഘം തെളിവായി ശേഖരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഡ്രസിംഗ് റൂമിന്റെ ഗ്ലാസുകള്‍ തകര്‍ത്തതുമായി ഷാക്കിബിന് ബന്ധമുണ്ടെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചു. ടീമിലെ മുതിര്‍ന്ന താരവും മറ്റു രാജ്യങ്ങളുടെ താരങ്ങള്‍ പോലും ബഹുമാനിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്ന അദ്ദേഹത്തില്‍ നിന്നും ഇത്തരത്തിലൊരു നടപടി ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സംഭവത്തില്‍ ബംഗ്ലാദേശ് ടീം തന്നെയായിരുന്നു പ്രതി സ്ഥാനത്ത്. സംഭവം സ്ഥിരീകരിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ രംഗത്തുവന്നിരുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ടീം നഷ്ടപരിഹാരം നൽകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഉസൂരു ഉഡാന എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സ് ബ്ലംഗ്ലാദേശിന് വേണ്ടിയിരുന്നപ്പോഴാണ് ഗ്രൌണ്ടില്‍ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ആദ്യ രണ്ട് ബോള്‍ ബൗണ്‍സര്‍ എറിഞ്ഞിട്ടും രണ്ടാമത്തേത് നോബോല്‍ വിളിക്കാത്തത്താണ് കടുവകളെ ചൊടിപ്പിച്ചത്. ഇതോടെ അമ്പയറോട് തട്ടിക്കയറിയ അവര്‍ ലങ്കന്‍ താരങ്ങളോടും വാഗ്വാദത്തിലേര്‍പ്പെട്ടത്.
തുടര്‍ന്ന് ബംഗ്ലാ നായകന്‍ ഷക്കീബ് അല്‍ ഹസന്‍ ക്രീസിലുണ്ടായിരുന്ന മഹമ്മദുള്ളയോടും റുബല്‍ ഹുസൈനോടും മടങ്ങി വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരിശീലകന്‍ വിഷയത്തില്‍ ഇടപ്പെട്ടതോടെ ഇരുവരും ക്രീസിലെക്ക് മടങ്ങിയെത്തുകയും ചെയ്‌തു. തുടര്‍ന്നുള്ള പന്തുകളില്‍ മഹമ്മദുള്ള ഒരു ബൗണ്ടറിയും സിക്സും നേടി ഒരു പന്തു ശേഷിക്കെ ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഡ്രസിംഗ് റൂമിലെ ഗ്ലാസ് തകര്‍ക്കപ്പെട്ടത്.
ബംഗ്ലാദേശ് താരങ്ങള്‍ ഗ്രൌണ്ടിലും ഡ്രസിംഗ് റൂമിലും ആഘോഷം നടത്തുന്നതിനിടെയാണ് ഗ്ലാസ് തകര്‍ത്തതെന്നാണ് വിവരം.