ഡക്‌വർത്ത് ലൂയിസ് നിയമത്തിന് പിന്നിൽ ക്രിക്കറ്റിലെ എക്കാലത്തേയും വലിയ നാണക്കേടിന്റെ ഒരു കഥയുമുണ്ട്

Webdunia
വെള്ളി, 3 ഏപ്രില്‍ 2020 (13:42 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്നും കളി മഴമുടക്കുകയാണെങ്കിൽ ഉപയോഗിക്കുന്നത് 1999 ലോകകപ്പിൽ തുടക്കമിട്ട ഡക്‌വർത്ത് ലൂയിസ് മഴനിയമങ്ങളാണ്. 2015ൽ നിയമത്തിൽ അല്പം പരിഷ്‌കാരങ്ങൾ വരുത്തിയെങ്കിലും അടിസ്ഥാനം ഡക്‌വർത്ത് ലൂയിസ് നിയമം തന്നെയാണ്. എന്നാൽ ആ നിയമത്തിന്റെ ആവശ്യകതയിലേക്ക് എത്തിച്ചത് ഒരു മത്സരമാണ്.
 
1992-ലെ ചരിത്രപ്രസിദ്ധമായ ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനൽ മത്സരമാണ് ക്രിക്കറ്റിന്റെ തലവര മാറ്റിയ ഡക്ക്‌വർത്ത് ലൂയിസ് നിയമത്തിന് കാരണമായ മത്സരം.
 
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 45 ഓവറില്‍ 252 റണ്‍സ് നേടി. അത് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 13 പന്തില്‍ 22 റണ്‍സ് വേണ്ടിയിരിക്കെയാണ് കളി തടസ്സപ്പെടുത്തി മഴ പെയ്യുന്നത്. 12 മിനിറ്റ് മാത്രം നീണ്ടുനിന്ന മഴയ്ക്കുശേഷം കണക്കുകൂട്ടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് ഒരു പന്തില്‍ 21 റണ്‍സ്. സത്യത്തിൽ അന്നത്തെ നിയമപ്രകാരമുള്ള ആ കണക്കുകൾ കേട്ട് ക്രിക്കറ്റ് ലോകം ഒന്നടങ്കം ഞെട്ടി. എല്ലാവരും തന്നെ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ദൗർഭാഗ്യത്തിൽ സഹതാപപെട്ടു. ദക്ഷിണാഫ്രിക്കൻ താരങ്ങൾ കരഞ്ഞു.ഇത് ക്രിക്കറ്റിന് തന്നെ വലിയ നാണക്കേടുണ്ടാക്കിയ സംഭവമായി മാറി.
 
വര്‍ഷങ്ങളോളം ലോകക്രിക്കറ്റില്‍നിന്ന് വിലക്കപ്പെട്ടശേഷം കളിയിലേക്ക് തിരിച്ചെത്തിയതായിരുന്നു ദക്ഷിണാഫ്രിക്ക.ഇരു ടീമുകളുടെയും റൺ ശരാശരി കണക്കിലെടുത്താണ് അന്ന് ലക്ഷ്യം നിർണയിച്ചത്.ഇംഗ്ലണ്ട് മത്സരത്തിൽ ജയിച്ചെങ്കിലും ക്രിക്കറ്റിന് ഇത് തീരാത്ത് കളങ്കം സൃഷ്‌ടിച്ചു. അങ്ങനെയാണ് ടോണി ലൂയിസ് സുഹൃത്തായ ഫ്രാങ്ക് ഡക്‌വര്‍ത്തുമായി ചേര്‍ന്ന് പുതിയൊരു നിയമമുണ്ടാക്കാനുള്ള ആലോചന തുടങ്ങിയത്. തുടർന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ തലവര മാറ്റിയെഴുതിയ ഡക്‌വർത്ത് ലൂയിസ് നിയമം ഉണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article