ബോളിവുഡ് താരങ്ങള്‍ക്ക് ക്രിക്കറ്റുമായി ഒളിഞ്ഞും തെളിഞ്ഞും ബനധങ്ങളുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ക്രിക്കറ്റുമായി സമ്പര്‍ക്കത്തില്‍ എത്താത്ത ബോളീവുഡ് താരങ്ങളില്‍ ഇല്ല. ഇതാ ആ കൂട്ടത്തിലേക്ക് ബിഗ് ബി അമിതാഭ് ബച്ചന് എത്തുനു. ഇത്തവണ ജീവിതത്തില്‍ ആദ്യമായി അമിതാഭ് ബച്ചന് ക്രിക്കറ്റ് കമന്റേറ്ററാകുകയാണ്. പുതിയ സിനിമയായ ഷമിതാഭിന്റെ പ്രമോഷന്റെ ഭാഗമായാണ് ക്രിക്കറ്റ് പറയാന്‍ ബിഗ് ബി എത്തുന്നത്.
എന്നാല്‍ സംഭവം യഥാര്‍ഥ മത്സരത്തില്‍ ആണെന്നുമാത്രം. അതും ലോകകപ്പ് മത്സരത്തില്‍. തീര്‍ന്നില്ല, മത്സരം നടക്കുന്നതു ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഫെബ്രുവരി 15ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തിലാണ് അമിതാഭ് ബച്ചന് കമന്ററി പറയുന്നത്. ഷമിതാഭിന്റെ സംവിധായകന് ബല്‍ക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹര്‍ഷ ബോഗ്സലെ, കപില്‍ ദേവ് എന്നിവര്‍ക്കൊപ്പമായിരിക്കും കളിപറച്ചില്‍. ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യ മത്സരമാണ് പാകിസ്ഥാനെതിരേയുള്ളത്. അഡ്ലൈഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സിനിമയ്ക്കു വേണ്ടി യഥാര്‍ഥ മത്സരത്തില്‍ കമന്റേറ്ററാകുന്ന താരമാവുകയാണ് ബിഗ്ബി. പുതിയ ചിത്രമായ ഷമിതാഭിന്റെ ട്രയിലര്‍ ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. അതിന്റെ കൂട്ടത്തില്‍ ബച്ചന്റെ ശബ്ദത്തില്‍ കമന്ററി നടത്തുന്നത് സിനിമയ്ക്ക് മുതല്‍ കൂട്ടാകുമെന്നാണ് കരുതുന്നത്. കൂട്ടത്തില്‍ ക്രിക്കറ്റിനും.