സികെ നായിഡു ട്രോഫി: അഹ്മദ് ഇമ്രാനും സെഞ്ച്വറി, കരുത്തോടെ കേരളം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (20:29 IST)
ahammed
സി കെ നായിഡു ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മുന്‍തൂക്കം. ആദ്യ ഇന്നിങ്‌സ് 521/7  എന്ന നിലയില്‍  ഡിക്ലയര്‍ ചെയ്ത കേരളം,മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിന്റെ നാല് വിക്കറ്റുകള്‍ തുടക്കത്തിലെ വീഴ്ത്തി നില ശക്തമാക്കി. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഉത്തരാഖണ്ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍  105 റണ്‍സെന്ന നിലയിലാണ്.
 
അഹ്മദ് ഇമ്രാന്റെ ഉജ്ജ്വല ഇന്നിങ്‌സാണ് മൂന്നാം ദിവസം കേരളത്തെ സംബന്ധിച്ച് ശ്രദ്ധേയമായത്.  തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 150 പിന്നിട്ട ഇന്നിങ്‌സുമായി ഷോണ്‍ റോജറും കേരളത്തിന് കരുത്തായി. 19 ഫോറും മൂന്ന് സിക്‌സും അടക്കം 155  റണ്‍സാണ് ഷോണ്‍ റോജര്‍ നേടിയത്. മറുവശത്ത് ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അഹമ്മദ് ഇമ്രാന്‍ 116 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു.  ഒന്‍പത് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഇമ്രാന്റെ ഇന്നിങ്‌സ്.
 
ആസിഫ് അലി 20ഉം ജിഷ്ണു 34ഉം റണ്‍സെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ ഉത്തരാഖണ്ഡിന് തുടക്കത്തില്‍ തന്നെ നാല് വിക്കറ്റ് നഷ്ടമായി. മൂന്ന് വിക്കറ്റെടുത്ത പവന്‍ രാജിന്റെ പ്രകടനമാണ് ഉത്തരാഖണ്ഡിന്റെ മുന്‍നിര ബാറ്റിങ്ങിനെ തകര്‍ത്തത്. ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.  കളി നിര്‍ത്തുമ്പോള്‍ 30 റണ്‍സുമായി ഹര്‍ഷ് റാണയും 19 റണ്‍സോടെ ശാശ്വത് ദാംഗ്വാളുമാണ് ക്രീസില്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍