ചുഴലിക്കാറ്റ് വരുന്നു; ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്ത് മുന്നറിയിപ്പ്, കേരളത്തില്‍ മഴ തുടരും

രേണുക വേണു

ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (15:45 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് സാധ്യതയുള്ളതിനാല്‍ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്ത് ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദമായി (Depression) ശക്തി പ്രാപിച്ചു. നാളെയോടെ (ഒക്ടോബര്‍ 23) ചുഴലിക്കാറ്റായും (Cyclonic storm) വ്യാഴാഴ്ച രാവിലെയോടെ (ഒക്ടോബര്‍ 24)  തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിച്ചു ഒക്ടോബര്‍ 24 രാത്രി / ഒക്ടോബര്‍ 25 അതിരാവിലെ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്ത് പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യത.
 
മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ദുര്‍ബലമായി ഇന്ത്യന്‍ തീരത്തു നിന്ന് അകന്നു പോകാനും സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തമിഴ്‌നാടിനു മുകളില്‍ മറ്റൊരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ 22-23 തിയതികളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നാളെ (ഒക്ടോബര്‍ 23) യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ ഉള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍