ആരാധകര്‍ മുഴുവന്‍ ‘വയസന്‍‌പട’യ്‌ക്കൊപ്പം; മുംബൈ പെരുവഴിയില്‍, ഐപിഎല്ലില്‍ ധോണി മാജിക് - കണക്കുകള്‍ പുറത്ത്

ബുധന്‍, 16 മെയ് 2018 (15:07 IST)
ഐപിഎല്‍ പതിനൊന്നാം സീസണ്‍ അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍  ആരാധകരുള്ള ടീം ഏതാണെന്ന റിപ്പോര്‍ട്ട് പുറത്ത്.

മഹേന്ദ്ര സിംഗ് ധോണി മുന്നില്‍ നിന്നു നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് ടെലിവിഷന്‍ കാഴ്ച്ചക്കാരുടെ ഇഷ്‌ട ടീം. മുംബൈ ഇന്ത്യന്‍‌സാണ് ഇക്കാര്യത്തില്‍ രണ്ടാമത് നില്‍ക്കുന്നത്. ബെന്‍‌ സ്‌റ്റോക്‍സ് അടക്കമുള്ളവരെ കോടികള്‍ കൊടുത്ത് പാളയത്തില്‍ എത്തിച്ച രാജസ്ഥാന്‍ റോയല്‍‌സിനെ ആരാധകര്‍ ഉപേക്ഷിച്ച അവസ്ഥയിലാണ്. രാജസ്ഥാന്‍ ആണ് ഏറ്റവും പിന്നില്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂര്‍ നാലം സ്ഥാനത്താണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുടെ താരമായ എബി ഡിവില്ലിയേഴ്‌സ് ഉള്‍പ്പെടുന്ന ടീം കൂടിയാണ് ബാംഗ്ലൂര്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ഡല്‍ഹി, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസസ് ഹൈദ്രാബാദ് തുടങ്ങിയ ടീമുകളാണ് തുടര്‍ന്നുവരുന്നത്. എന്നാല്‍, ഈ സീസണില്‍ അത്ഭുതകരമായ പ്രകടനം പുറത്തെടുക്കുന്ന ഹൈദരാബാദിന് ആരാധകരെ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.

ധോണിയുടെ സാന്നിധ്യമാണ് ചെന്നൈയെ കാഴ്‌ചക്കാരുടെ സ്വന്തം ടീമാക്കി മാറ്റിയത്. വിലക്കിനു ശേഷം തിരിച്ചുവന്ന ടീം എന്ന ലേബലും അവര്‍ക്ക് ഗുണം ചെയ്യുന്നു. അതിനുപരിയായി മികച്ച പ്രകടനവും ആരാധകരെ പുളകം കൊള്ളിക്കുന്ന ജയങ്ങളുമാണ് ധോണിപ്പടയ്‌ക്ക് നേട്ടമായത്.

ഇന്ത്യയില്‍ 31ശതമാനം പേരാണ് ചെന്നൈയുടെ മത്സരം കാണാന്‍ ടെലിവിഷന് മുന്നിലെത്തുന്നത്. 263.87 മില്യണ്‍ കാഴ്ചക്കാരാണ് മഞ്ഞപ്പടയ്‌ക്കുള്ളത്. 161.253 മില്യണ്‍ കാഴ്ചക്കാര്‍ മാത്രമാണ് രാജസ്ഥാനുള്ളത്.

തുടര്‍ച്ചയായ പരാജയങ്ങളും രോഹിത് ശര്‍മ്മയുടെ മോശം പ്രകടനവുമാണ് മുംബൈയ്‌ക്ക് തിരിച്ചടിയായത്. സച്ചിന്‍ തെന്‍‌ഡുല്‍ക്കറിന്റെ സാന്നിധ്യത്തില്‍ ആരാധകരെ സ്വന്തമാക്കിയ മുംബൈ ഈ സീസണില്‍ നിറം മങ്ങിയതോടെയാണ് തിരിച്ചടിയുണ്ടായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍