ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയില്‍ നിന്ന് നണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍.
മുന്‍ പാക് പാക് ക്യാപ്‌റ്റന്‍ ഷാഹിദ് അഫ്രീദിയും ഇമ്രാന്‍ ഖാനുമാണ് പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെയും കളിക്കാര്‍ക്കെതിരെയും ആഞ്ഞടിച്ചത്.
കളിയില്‍ ജയവും തോല്‍വിയും ഉണ്ടാകുമെങ്കിലും ഇന്ത്യക്കെതിരെ പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് പാകിസ്ഥന്‍ കീഴടങ്ങിയത്. പാക് ക്രിക്കറ്റില്‍ മാറ്റം വന്നില്ലെങ്കില്‍ പ്രതിഭകളുടെ ധാരാളിത്വമുള്ള ഇന്ത്യന്‍ ടീമും പാക് ടീമും തമ്മിലുള്ള വ്യത്യാസം വര്‍ദ്ധിച്ചു വരുമെന്നും ഇമ്രാന്‍ വ്യക്തമാക്കി.
അടിയന്തര നടപടികളാണ് ഇക്കാര്യത്തില്‍ വേണ്ടത്. അല്ലെങ്കില്‍ തോല്‍വികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രഫഷണലിസമില്ലാത്ത പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനാണ് ടീമിന്റെ ദയനീയ പ്രകടനത്തിന് കാരണമെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.
സ്‌ട്രൈക്ക് കൈമാറാന്‍ കഴിയാതിരുന്നതും അവസാന ഓവറുകളിലെ മോശം പ്രകടവുമാണ് പാകിസ്ഥാന്റെ തോല്‍വിക്ക് ആധാരം. നല്ല കളിക്കാരെ ടീമില്‍ എത്തിക്കാന്‍ ഇനിയെങ്കിലും കഴിയണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ നമ്മള്‍ പിന്നോട്ടാണ് പോകുന്നതെന്നും അഫ്രീദി പറഞ്ഞു.
പാക് ക്രിക്കറ്റിന്റെ കാഴ്‌ചപ്പാടില്‍ മാറ്റം അത്യാവശ്യമാണ്. അല്ലെങ്കില്‍ ഇന്ത്യന്‍ ടീമും പാക് ടീമും തമ്മിലുള്ള വ്യത്യാസം കൂടി വരുമെന്നും അഫ്രീദി പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെ പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ മുന്‍ കളിക്കാര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയാണ്. അതേസമയം, തോല്‍വിയില്‍ പാക് ആരാധകരും കടുത്ത നിരാശയിലാണ്.