ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിംഗ് റൂമിലെ കാലാവസ്ഥ മോശമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പരിശീലകന്‍ അനില്‍ കുംബ്ലെയും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും തമ്മിലുണ്ടായിരുന്ന പടലപിണക്കം ചാമ്പ്യന്‍സ് ട്രോഫിയിലെ പരാജയത്തിനു ശേഷം രൂക്ഷമായി.
സൌരവ് ഗാംഗുലി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിവി എസ് ലക്ഷമണന്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുമായി കോഹ്‌ലി കൂടിക്കാഴ്‌ച നടത്തുകയും കുംബ്ലെയ്‌ക്കെതിരെയുള്ള തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്‌തു. പുതിയ പരിശിലകന്‍ വേണമെന്ന ഉറച്ച നിലപാടിലാണ് വിരാട്.
ടീമിലെ അന്തരീക്ഷവും മോശമാണ്. പാകിസ്ഥാനെതിരായ ഫൈനലില്‍ സ്വന്തം വിക്കറ്റ് കാക്കുന്നതിനായി രവിന്ദ്ര ജഡേജ വ്യാഗ്രത കാണിച്ചതിനെത്തുടര്‍ന്ന് പുറത്തായ ഹാര്‍ദിക് പാണ്ഡ്യ കൊളുത്തിവിട്ട ട്വീറ്റ് വിവാദം കോഹ്‌ലിപ്പടയെ മൊത്തത്തില്‍ ബാധിച്ചു കഴിഞ്ഞു. പാണ്ഡ്യയയുടെ പരാമര്‍ശം ജഡേജയെയും ജസ്പ്രീത് ബുമ്രയെയും ലക്ഷ്യംവെച്ചുള്ളതാണെന്നാണ് ക്രിക്കറ്റ് ലോകത്തു നിന്നുള്ള റിപ്പോര്‍ട്ട്.
ബുമ്ര പിഴവുകളില്‍ നിന്ന് പഠിക്കുന്നില്ലെന്നും തെറ്റുകള്‍ പരിഹരിക്കുന്നില്ലെന്നും പരസ്യമായി കോഹ്‌ലി പറഞ്ഞതോടെ ടീമിലെ കെട്ടുറപ്പിനെ ബാധിച്ചതിനുള്ള തെളിവാണ്. ക്യാപ്‌റ്റനും പരിശീലകനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായി നില്‍ക്കുമ്പോഴാണ് ടീമിലെ യുവതാരങ്ങള്‍ തമ്മിലുള്ള നിഴല്‍ യുദ്ധവും ശക്തമായത്.
ഫൈനലില്‍ ടെസ്‌റ്റ് ബോളറായ ആര്‍ അശ്വിനെ കളിപ്പിച്ച കോഹ്‌ലിയുടെ തീരുമാനം വന്‍ പിഴവായിട്ടാണ് ക്രിക്കറ്റ് വിദഗ്ധരും ഗൗതം ഗംഭീറിനെ പോലുള്ള മുന്‍ താരങ്ങളും ചൂണ്ടിക്കാട്ടുന്നത്. മികച്ച പേസ് ബോളറായ ഉമേഷ് യാദവിനെ ബഞ്ചില്‍ ഇരുത്തിയശേഷമാണ് അശ്വിനെ കളിപ്പിച്ചത്. പാകിസ്ഥാന്‍ ബാറ്റ്സ്‌മാന്‍മാര്‍ക്ക് ലഭിച്ച വമ്പന്‍ ‘ലോട്ടറി’യായിരുന്നു അശ്വിന്റെ ഓവറുകള്‍. ഇതോടെയാണ് കോഹ്‌ലിയുടെ തീരുമാനത്തെ തള്ളിപ്പറഞ്ഞ് വിമര്‍ശകര്‍ രംഗത്തെത്തിയത്.
ഇതോടെ സമ്മര്‍ദ്ദത്തിന്റെ പടു കുഴിയിലേക്ക് വീണിരിക്കുകയാണ് കോഹ്‌ലി. ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാന് വിട്ടു കൊടുത്തതിന്റെ വേദന ടീമിനെയാകെ ബാധിച്ചു കഴിഞ്ഞതിന്റെ തെളിവാണ് പാണ്ഡ്യയയുടെ ട്വീറ്റ്. ടീമിലെ ഈ ചൂടന്‍ സാഹചര്യവും തണുപ്പിക്കേണ്ടത് കോഹ്‌ലിക്ക് അത്യാവശ്യമാണെങ്കിലും കുംബ്ലെയുമായുള്ള പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നതാണ് പ്രശ്‌നം.
കുംബ്ലെയ്‌ക്ക് പകരം പുതിയ പരിശീലകനെ എത്തിക്കുകയും ടീമില്‍ ചെറിയ അഴിച്ചു പണികള്‍ നടത്താനുമാണ് കോഹ്‌ലിയുടെ പദ്ധതി. ഏകദിന ടീമില്‍ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരുടെ സ്ഥാനത്തെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു ചാമ്പ്യന്‍സ് ട്രോഫി. ഈ സാഹചര്യത്തില്‍ ടീമിലെ പല താരങ്ങളുടെയും തല ഉരുളുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.