ടെസ്റ്റിൽ അശ്വിനായിരിക്കാം, ടി20യിൽ പക്ഷെ ചഹലാണ്, റെക്കോർഡ് നേട്ടം സ്വന്തമാക്കി താരം

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2023 (14:11 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ സ്പിന്നർമാരിൽ നിലവിലെ ഏറ്റവും മികച്ച താരം രവിചന്ദ്ര അശ്വിനാണ്. എന്നാൽ ടി20യിൽ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ് മെലിഞ്ഞ ശരീരവുമായി കളിക്കളത്തിലെ നർമ്മങ്ങളെല്ലാം ആസ്വദിക്കുന്ന തഗ് ലൈഫ് കൂടപ്പിറപ്പായ യൂസ്വേന്ദ്ര ചാഹലാണ് ടി20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നർ. ടി20 ഫോർമാറ്റിൽ മൂന്നൂറ് വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടം കഴിഞ്ഞ മത്സരത്തിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് താരം.
 
 സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ നേടികൊണ്ട് ചഹൽ തിളങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നേട്ടം. നാലോവറിൽ വെറും 17 റൺസ് വഴങ്ങിയായിരുന്നു താരം നാല് വിക്കറ്റ് സ്വന്തമാക്കിയത്. ഇതോടെ 265 ടി20 മത്സരങ്ങളിൽ നിന്നും 303 വിക്കറ്റുകൾ താരത്തിൻ്റെ പേരിലായി. 297 ടി20 മത്സരങ്ങളിൽ നിന്നും 297 വിക്കറ്റുകളുമായി ആർ അശ്വിനാണ് ചാഹലിൻ്റെ പിന്നിലുള്ളത്. ഇന്നലെ 4 വിക്കറ്റ് സ്വന്തമാക്കിയതോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള താരങ്ങളുടെ പട്ടികയിൽ താരം രണ്ടാമതെത്തി.
 
 170 വിക്കറ്റുകളാണ് ചാഹലിന് ഐപിഎല്ലിലുള്ളത്. രാജസ്ഥാൻ്റെ ബൗളിംഗ് പരിശീലകൻ കൂടിയായ ശ്രീലങ്കൻ പേസ് ഇതിഹാസം ലസിത് മലിംഗയുടെ നേട്ടത്തിനൊപ്പമാണ് താരം ഇപ്പോഴുള്ളത്. 183 വിക്കറ്റുകളുള്ള വിൻഡീസ് ഓൾ റൗണ്ടർ ഡ്വയ്ൻ ബ്രാവോയാണ് പട്ടികയിൽ ഒന്നാമതുള്ളത്. ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളർമാരുടെ പട്ടികയിൽ നിലവിൽ പതിനഞ്ചാമതാണ് ചഹൽ. 615 വിക്കറ്റുകൾ വീഴ്ത്തിയ വിൻഡീസ് താരം ഡ്വയ്ൻ ബ്രാവോ 530 വിക്കറ്റുകൾ സ്വന്തമായുള്ള അഫ്ഗാൻ താരം റാഷിദ് ഖാൻ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ബൗളർമാർ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article