മൈൻഡ് സെറ്റാണ് പ്രധാനം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിൽ നേടിയ സെഞ്ചുറി നൽകിയ ആത്മവിശ്വാസം വലുതെന്ന് സഞ്ജു സാംസൺ

അഭിറാം മനോഹർ

ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (18:15 IST)
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ നേടിയ 40 പന്തിലെ സെഞ്ചുറി പ്രകടനത്തോടെ ഇന്ത്യയെങ്ങും സംസാരവിഷയമായിരിക്കുകയാണ് സഞ്ജു സാംസണ്‍. ഓപ്പണിംഗില്‍ രോഹിത് ഒഴിച്ചിട്ട വിടവ് നികത്താന്‍ സഞ്ജുവിനാകുമെന്നാണ് ആരാധകരെല്ലാം അഭിപ്രായപ്പെടുന്നത്. ഒരുപാട് പ്രതിഭയുണ്ടെന്ന് അറിയാമായിരുന്നിട്ടും ഇന്ത്യന്‍ ജേഴ്‌സിയില്‍ തിളങ്ങാനാവാതിരുന്ന രോഹിത് വലിയ താരമായി മാറിയത് ഓപ്പണിംഗില്‍ സ്ഥാനക്കയറ്റം ലഭിച്ചശേഷമായിരുന്നുവെന്നും സഞ്ജുവും അതേ പാതയിലൂടെയാണ് പോകുന്നതെന്നും പലരും അഭിപ്രായപ്പെടുന്നു.
 
 ഇപ്പോഴിതാ എന്ത് മാറ്റമാണ് തന്റെ ഗെയിമില്‍ സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ഐസിസി പങ്കുവെച്ച വീഡിയോയിലാണ് സഞ്ജു തന്റെ ഗെയിമിനെ പറ്റി സംസാരിച്ചത്. സ്‌കില്‍ സെറ്റിനേക്കാള്‍ പ്രധാനം മൈന്‍ഡ് സെറ്റാണെന്ന് സഞ്ജു പറയുന്നു. ഒരു മികച്ച ഐപിഎല്‍ സീസണ്‍ കഴിഞ്ഞെത്തിയത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. എന്നാല്‍ എല്ലാം മാറ്റിയെന്ന് ഞാന്‍ കരുതുന്നത് ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനത്തില്‍ സെഞ്ചുറി നേടാനായതാണ്.
 
സീരീസ് ഡിസൈഡര്‍ മാച്ചില്‍ ടീമിനെ വിജയിപ്പിക്കുന്ന ഒരു ഇന്നിങ്ങ്‌സ് കളിക്കാനായത് ഒരുപാട് ആത്മവിശ്വാസം നല്‍കിയത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ മികച്ച രീതിയില്‍ കളിക്കാന്‍ സാധിച്ചു. ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി ധരിക്കാന്‍ ഞാന്‍ യോഗ്യനാണെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ ആ ഇന്നിങ്ങ്‌സ് ഒരുപാട് സഹായിച്ചു. പിന്നീട് ഐപിഎല്ലില്‍ വന്ന് ടീമിനായി മികച്ച രീതിയില്‍ കളിക്കാനായി. ഐപിഎല്ലില്‍ നായകനായിരുന്നു എന്നതും ഗുണം ചെയ്തു. ഇപ്പോള്‍ കൂടുതല്‍ റിലാക്‌സ് ചെയ്തും ആത്മവിശ്വാസത്തോടെയും കളിക്കാന്‍ സാധിക്കുന്നുണ്ട്. സഞ്ജു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍