Cricket worldcup 2023: ഏകദിന ലോകകപ്പില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ സെഞ്ചുറി നേടി 20 വര്‍ഷം, ചരിത്രം തിരുത്താന്‍ രോഹിത്തിനാകുമോ

ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (18:55 IST)
ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്ന സാഹചര്യത്തില്‍ മറ്റൊരു ലോകകിരീടം കൂടി ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ആദ്യമത്സരത്തില്‍ ഓസിസിനെ തകര്‍ത്തുകൊണ്ട് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യന്‍ മുന്‍നിറ റണ്‍സൊന്നും നേടാതെ പുറത്തായത് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നത്. 2023ലെ ലോകകപ്പ് വിജയിക്കാനായാല്‍ കപില്‍ ദേവിനും മഹേന്ദ്ര സിംഗ് ധോനിയ്ക്കും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ നായകനാകാന്‍ രോഹിത് ശര്‍മയ്ക്ക് കഴിയും.
 
ബാറ്റര്‍മാരെല്ലാം മികച്ച ഫോമിലാണ് എന്നതാണ് ഇക്കുറി ലോകകപ്പില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും രോഹിത് ശര്‍മയില്‍ നിന്നും മികച്ച പ്രകടനം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അഫ്ഗാനെതിരെ നടക്കുന്ന മത്സരത്തില്‍ 22 റണ്‍സ് നേടുകയാണെങ്കില്‍ ലോകകപ്പില്‍ ഏറ്റവും വേഗത്തീല്‍ 1000 റണ്‍സ് കണ്ടെത്തിയ ബാറ്ററെന്ന റെക്കോര്‍ഡ് ഓസീസ് താരം ഡേവിഡ് വാര്‍ണറിനൊപ്പം പങ്കിടാന്‍ രോഹിത്തിന് അവസരം ലഭിക്കും. കൂടാതെ ടൂര്‍ണമെന്റില്‍ സെഞ്ചുറി കണ്ടെത്താന്‍ സാധിച്ചാല്‍ ലോകകപ്പില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ നായകന്‍ നേടുന്ന സെഞ്ചുറിയായി അത് മാറും.
 
2003ലെ ലോകകപ്പ് സെമിഫൈനലില്‍ സൗരവ് ഗാംഗുലിയാണ് നായകനെന്ന നിലയില്‍ ലോകകപ്പില്‍ സെഞ്ചുറിയടിച്ച അവസാന ഇന്ത്യക്കാരന്‍. 2007 ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ അന്ന് നായകനായിരുന്ന രാഹുല്‍ ദ്രാവിഡിന് ആ ലോകകപ്പില്‍ സെഞ്ചുറി നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. 2011ലെ ലോകകപ്പിലും 2015ലെ ലോകകപ്പിലും എം എസ് ധോനിയുടെ നായകത്വത്തിന് കീഴിലായിരുന്നു ഇന്ത്യ ഇറങ്ങിയത്. 2011ലെ ലോകകപ്പ് ഫൈനലില്‍ നേടിയ 91* ആണ് ലോകകപ്പിലെ ധോനിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
 
2019ല്‍ വിരാട് കോലിയുടെ നായകത്വത്തിന് കീഴിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ടീം സെമി ഫൈനല്‍ വരെ മുന്നേറിയെങ്കിലും വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 82 റണ്‍സായിരുന്നു ടൂര്‍ണമെന്റിലെ കോലിയുടെ മികച്ച സ്‌കോര്‍. ഗ്രൂപ്പ് മത്സരങ്ങള്‍ മാത്രമായി 9 മത്സരങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ തന്നെ ഇക്കുറി രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി നേടാന്‍ അവസരം ഏറെയാണ്. ഓപ്പണറായി താരം കളിക്കാന്‍ ഇറങ്ങുന്നു എന്നതും രോഹിത്തിന് അനുകൂലമാകുന്ന ഘടകമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍