പാകിസ്ഥാന്‍ വന്നതിലും വേഗത്തില്‍ തിരികെ പോകേണ്ടിവരും: ലാറ
ചൊവ്വ, 3 മാര്‍ച്ച് 2015 (17:14 IST)
ലോകകപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്ന പാകിസ്ഥാന്‍ ക്വാര്‍ട്ടര്‍ ഫൈനലിന് അപ്പുറം കടക്കില്ലെന്ന് വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയന്‍ ലാറ. സ്വന്തം ടിമായ വിന്‍ഡീസും ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മിസ്ബ ഉള്‍ ഹഖ്, ഷാഹിദ് അഫ്രീദി, യൂനിസ് ഖാന്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ പരാജയപ്പെടുന്നതാണ് പാക് തകര്‍ച്ചയ്‌ക്ക് കാരണം. പതിനഞ്ചിന് അയര്‍ലന്‍ഡുമായുള്ള മത്സരമായിരിക്കും പാകിസ്ഥാന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത നിശ്ചയിക്കുക. മികച്ച രീതിയില്‍ കളിക്കുന്ന അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയാലും ക്വാര്‍ട്ടറില്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് ന്യൂസിലന്‍ഡാണെന്നും ബ്രയന്‍ ലാറ പറഞ്ഞു.
അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പാകിസ്ഥാന്‍ എത്തിയാലും മികച്ച ഫോമില്‍ കളിക്കുന്ന കിവികളെ പരാജയപ്പെടുത്തുന്ന കാര്യം സംശയമാണ്. ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഒത്ത കളിയാണ് പുറത്തെടുക്കുന്നത്. ദുര്‍ബലരായ ടീമുകള്‍ക്കെതിരെ ഇന്ത്യ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ബ്രയന്‍ ലാറ പറഞ്ഞു.