ഐഎസ്എല്ലിൽ ജംഷ‌ഡ്‌പൂരിന്റെ അപരാജിത കുതിപ്പിന് തടയിട്ട് ബ്ലാസ്റ്റേഴ്‌സ്, ആദ്യ പാദ സെമിയിൽ വിജയം ഒരൊറ്റ ഗോളിൽ

ശനി, 12 മാര്‍ച്ച് 2022 (08:37 IST)
ഐഎസ്എല്ലിലെ ആദ്യ പാദ സെമിയിൽ ജംഷ‌ഡ്‌പൂർ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് വിജയം. മലയാളി താരം സഹൽ അബ്‌ദുൾ സമദാണ് തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ച് ഐഎസ്എല്‍ റെക്കോര്‍ഡിട്ട ജംഷ‌ഡ്‌പൂരിനെ മലർത്തിയടിച്ചത്. ലീഗ് ഘട്ടത്തിൽ ബെംഗലൂരു എഫ് സിയോട് തോറ്റശേഷം കേരളാ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ജംഷഡ്‌പൂര്‍ ലീഗ് ഘട്ടത്തിലെ അപരാജിത കുതിപ്പ് തുടങ്ങിയത്. 
 
എന്നാൽ സെമിയിൽ ജംഷ‌ഡ്‌പൂരിന്റെ മികവ് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇവാന്‍ വുകോമനോവിച്ച് കേരള ടീമിനെ ഒരുക്കിയത്. ജംഷഡ്പൂരിന്‍റെ ശക്തിദുര്‍ഗമായ ഗ്രെഗ് സ്റ്റുവര്‍ട്ടിനെ അഴിഞ്ഞാടാന്‍ സമ്മതിക്കാതെ പ്രതിരോധനിര തളച്ചിട്ടപ്പോൾ ബ്ലാസ്റ്റേഴ്‌സ് വിജയം എളുപ്പമായി. എങ്കിലും ആദ്യപകുതിയിൽ രണ്ട് തവണ കേരളാ ഗോൾമുഖം വിറപ്പിക്കാൻ ജംഷ‌ഡ്‌പൂർ എഫ്‌സിക്കായി.
 
വിജയത്തിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സങ്കടം അഡ്രിയാന്‍ ലൂണ എടുത്ത മനോഹര ഫ്രീ കിക്ക് ഗോളാവാതെ പോയതിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിരാശരായിരിക്കണം. ബോക്സിന്‍റെ ഇടതുമൂലയില്‍ നിന്ന് ലൂണയെടുത്ത കിക്ക് ജംഷഡ്‌പൂര്‍ പ്രതിരോധ മതിലിനെയും അവരുടെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷിനെയും കീഴടക്കിയെങ്കിലും പോസ്റ്റില്‍ തട്ടിമടങ്ങുകയായിരുന്നു. രണ്ടാം പാദ സെമിയിൽ 2-0 എന്ന ലീഡ് നിലയിൽ കളിക്കാമെന്ന വലിയ സാധ്യതയാണ് ഇതോടെ അണഞ്ഞത്.
 
കളിയുടെ ആദ്യ പകുതിയിൽ ജംഷ‌ഡ്‌പൂരിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ. കളിയുടെ 38ആം മിനിറ്റിൽ ആല്‍വാരോ വാസ്‌ക്വെസ് നീട്ടിനല്‍കിയ പാസ് സ്വീകരിച്ച സഹല്‍ ജംഷേദ്പുര്‍ ഗോള്‍കീപ്പര്‍ ടി.പി.രഹനേഷിന്റെ തലയ്ക്ക് മുകളിലൂടെ മനോഹരമായി പന്ത് കോരിയെടുത്തുകൊണ്ടായിരുന്നു മലയാളിതാരം സഹൽ അബ്‌ദുൾ സമദിന്റെ മനോഹരമായ വിജയഗോൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍