തുടരെ മത്സരങ്ങൾ, ഇടവേളയിൽ ഫ്രാഞ്ചൈസി ടൂർണമെൻ്റുകൾ മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങളുടെ എണ്ണം ഇനിയും ചുരുങ്ങാൻ സാധ്യത

ചൊവ്വ, 19 ജൂലൈ 2022 (19:38 IST)
ഇംഗ്ലണ്ടിനായി ഇനി ഏകദിനത്തിൽ കളിക്കുന്നില്ലെന്ന ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിൻ്റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സജീവ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറായ ബെൻ സ്റ്റോക്സ് ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളും തനിക്ക് ഒപ്പം കൊണ്ടുപോകാനാവുന്നില്ല എന്നതാണ് ഇതിന് കാരണമായി പറഞ്ഞത്. തുടർച്ചയായ പരമ്പരകൾ ഏൽപ്പിക്കുന്ന ജോലി ഭാരമാണ് സ്റ്റോക്സിൻ്റെ വിരമിക്കൽ തീരുമാനത്തിന് പിന്നിൽ.
 
തുടർച്ചയായി പരമ്പരകളും ഇടവേളകളിൽ 2 മാസത്തോളം നീണ്ടുനിൽക്കുന്ന ഫ്രാഞ്ചൈസി ലീഗുകളും താരങ്ങൾക്ക് ജോലി ഭാരം കൂട്ടുന്നുവെന്നത് കുറച്ചു നാളുകളായി നമ്മൾ കേൾക്കുന്നുണ്ട്. മുൻപില്ലാത്ത പോലെ ടീമുകൾ കൂടുതൽ മത്സരങ്ങൾ കളിക്കാനരംഭിച്ചതോടെ മിക്ക ടീമുകളും ദുർബലരായ എതിരാളികൾക്കെതിരെ തങ്ങളുടെ മുൻനിരക്കളിക്കാർക്ക് വിശ്രമം നൽകുകയാണ് പതിവ്.
 
ബെൻ സ്റ്റോക്സിൻ്റെ വിരമിക്കലോടെ എല്ലാ ഫോർമാറ്റിലും കളിക്കുന്ന ക്രിക്കറ്റ് താരങ്ങൾ ജോലിഭാരം കുറയ്ക്കാനായി ഏതെങ്കിലും ഫോർമാറ്റിൽ നിന്നും വിരമിക്കാനുള്ള സാധ്യതയാണ് മുന്നോട്ട് വെയ്ക്കുന്നത്. തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നത് പരിക്കേൽക്കാനുള്ള സാധ്യതകൾ ഉയർത്തുമെന്നും കളിക്കാരനെന്ന നിലയിൽ ഷെൽഫ് ലൈഫ് ചുരുങ്ങുമെന്നുമുള്ള നിരീക്ഷണങ്ങൾ ഉയരുകയാണ്.
 
ഇന്ത്യൻ ടീമിൻ്റെ കാര്യമെടുത്താൽ രോഹിത് ശർമ,വിരാട് കോലി,കെ എൽ രാഹുൽ,ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത്,മുഹമ്മദ് ഷമി തുടങ്ങിയവരാണ് മൂന്ന് ഫോർമാറ്റിലും സ്ഥാനമുള്ള കളിക്കാർ. കൂടുതൽ മത്സരങൾ വരുമ്പോൾ അപ്രധാനമായ പരമ്പരകളിൽ ഈ താരങ്ങൾക്ക് വിശ്രമം നൽകുകയാണ് ഇന്ത്യ നിലവിൽ ചെയ്യുന്നത്.
 
ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകൾ ക്രിക്കറ്റിൻ്റെ ഗ്ലാമർ വിൽക്കുമ്പോൾ പ്രധാനതാരങ്ങൾക്ക് ഇത്തരം ടൂർണമെൻ്റുകളിൽ നിന്നും മാറി നിൽക്കാനാവാത്ത അവസ്ഥയാണ് എന്നതിനാൽ ടീമുകളുടെ ഷെഡ്യൂൾ തിരക്കുള്ളതാകുന്നത് ബാധിക്കുന്നത് പ്രധാനമായും 3 ഫോർമാറ്റിലും കളിക്കുന്ന താരങ്ങളെയാകുമെന്ന് ഉറപ്പ്. ശരീരത്തെ മാത്രമല്ല തുടർച്ചയായ മത്സരങ്ങൾ കളിക്കാരുടെ മാനസികാരോഗ്യത്തെയും ബാധിക്കാൻ സാധ്യതയേറെയാണ്.ഇനി വരാനിരിക്കുന്ന കാലത്ത് ഫ്രാഞ്ചൈസി ക്രിക്കറ്റിൻ്റെ പണക്കിലുക്കം കളിക്കാർക്കും ഒഴിവാക്കാനാവില്ല എന്നതാണ് സത്യം. അതിനാൽ തന്നെ ജോലിഭാരം കുറയ്ക്കാൻ ഏറ്റവും എളുപ്പമാവുക ഏതെങ്കിലും രണ്ട് ഫോർമാറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാകും കൂടുതൽ പ്രായോഗികമായ കാര്യം. പ്രധാനമായും ഫാസ്റ്റ് ബൗളർമാർ ആയിരിക്കും ഇതിലേക്ക് തിരിയുക.
 
തങ്ങളുടെ പ്രധാനതാരങ്ങൾ ഐസിസി ടൂർണമെൻ്റിനെത്തുക എന്നത് എല്ലാ ക്രിക്കറ്റ് ബോർഡുകളും പ്രതീക്ഷിക്കുന്ന കാര്യമാണെങ്കിലും മത്സരങ്ങൾ കൂടുന്നത് പോലെ താരങ്ങൾക്ക് വിശ്രമം ഒരുക്കാൻ ബോർഡുകൾ ശ്രമിക്കുന്നില്ല എന്നത് സത്യം മാത്രം. ഇന്ത്യ ഒരേസമയം 2 ടീമുകളെ കളിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബിസിസിഐ തന്നെ വ്യക്തമാക്കുമ്പോൾ താരങ്ങളുടെ തിരക്കേറിയ ഷെഡ്യൂൾ ക്രമം മാറില്ലെന്നുറപ്പ്. അതിനാൽ മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങളുടെ എണ്ണം കുറയുന്നതിന് തന്നെയാകും ഈ മത്സരക്രമങ്ങൾ കാരണമാവുക. കുട്ടിക്രിക്കറ്റിൻ്റെ കാലത്ത് ഏകദിന ക്രിക്കറ്റിൻ്റെ നിലനിൽപ്പിനെയാകും ഇത്തരത്തിലുള്ള താരങ്ങളുടെ കൊഴിഞ്ഞുപോക്ക് കാര്യമായി ബാധിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍