ക്രിക്കറ്റ് ബോർഡുകളെല്ലാം ഫ്രാഞ്ചൈസി ലീഗുകൾക്ക് പിന്നാലെ, ഇടവിടാതെയുള്ള മത്സരങ്ങൾ കളിക്കാരെ തളർത്തുന്നു. ഇങ്ങനെ മുൻപോട്ട് പോയാൻ ഏകദിനവും ടി20യുമെല്ലാം ഇല്ലാതെയാകും

ചൊവ്വ, 19 ജൂലൈ 2022 (12:51 IST)
ഏകദിനത്തിൽ നിന്നുള്ള ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിൻ്റെ വിരമിക്കൽ തീരുമാനത്തെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം സ്വീകരിച്ചത്. ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്തെ പ്രശ്നങ്ങളാണ് 31ആം വയസിലെ താരത്തിൻ്റെ ഏകദിനത്തിലെ വിരമിക്കലിലേക്ക് എത്തിച്ചതെന്ന് കുറ്റപ്പെടുത്തുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ.
 
ബെൻ സ്റ്റോക്സിൻ്റെയോ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെയോ പ്രശ്നമല്ല ഇത്. ഐസിസി ഇവൻ്റുകളുമായി ഐസിസിയും കിട്ടുന്ന ഇടവേളകളിലെല്ലാം ഫ്രാഞ്ചൈസി ക്രിക്കറ്റുമായി ക്രിക്കറ്റ് ബോർഡുകളും രംഗത്ത് വന്നാൽ ക്രിക്കറ്റ് താരങ്ങൾ തങ്ങൾക്ക് മതിയായി എന്ന് പറഞ്ഞുപോകും. സ്റ്റോക്സ് തൻ്റെ 31ആം വയസിലാണ് വിരമിക്കുന്നത്. ഈ രീതി ശരിയല്ല. ക്രിക്കറ്റ് ഷെഡ്യൂളിനെ പറ്റി നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. നാസർ ഹുസൈൻ പറഞ്ഞു.
 
അതേസമയം ക്രിക്കറ്റ് ബോർഡുകളെല്ലാം തങ്ങളുടെ സ്വന്തം ഫ്രാഞ്ചൈസി ടൂർണമെൻ്റുകൾ വേണമെന്ന നിർബന്ധവുമായി മുന്നോട്ട് പോയാൽ രാജ്യാന്തരമത്സരങ്ങൾ തീരെ കുറയുമെന്ന് മറ്റൊരു മുൻ നായകനായ മൈക്കൽ വോണും അഭിപ്രായപ്പെട്ടു. 3 ഫോർമാറ്റുകളിലുമായി കളിക്കാൻ തനിക്ക് കഴിയുന്നില്ലെന്നും തുടർച്ചയായ മത്സരങ്ങൾ തന്നെ തളർത്തുന്നു എന്നുമായിരുന്നു ബെൻ സ്റ്റോക്സും വിരമിക്കൽ തീരുമാനത്തിന് കാരണമായി പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍