രാജ്‌കോട്ട് ടെസ്റ്റ് ബെന്‍ സ്‌റ്റോക്‌സിന്റെ നൂറാം ടെസ്റ്റ് മത്സരം, ടെസ്റ്റ് ഫോര്‍മാറ്റില്‍ സ്‌റ്റോക്‌സിന്റെ നേട്ടങ്ങളറിയാം

അഭിറാം മനോഹർ
വ്യാഴം, 15 ഫെബ്രുവരി 2024 (12:16 IST)
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാവുമ്പോള്‍ കരിയറിലെ തന്റെ നൂറാം ടെസ്റ്റ് മത്സരത്തിലാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് കളിക്കുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഇംഗ്ലണ്ടിനായി മികച്ച ചില പ്രകടനങ്ങള്‍ സ്‌റ്റോക്‌സ് കാഴ്ചവെച്ചിട്ടുണ്ട്. പ്രധാന ടൂര്‍ണമെന്റുകളിലെ സമ്മര്‍ദ്ദഘട്ടങ്ങളിലെല്ലാം ടീമിന്റെ രക്ഷകനായി മാറാനും സ്‌റ്റോക്‌സിന് സാധിച്ചിട്ടുണ്ട്. നൂറാം ടെസ്റ്റില്‍ താരം കളിക്കുമ്പോള്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ താരത്തിന്റെ റെക്കോര്‍ഡുകളെ പറ്റി അറിയാം.
 
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രധാന സീരീസായ ആഷസില്‍ 2019ലെ ഹെഡിങ്ങ്‌ലി ടെസ്റ്റില്‍ നടത്തിയ 135* പ്രകടനമാണ് ടെസ്റ്റ് പ്രേമികള്‍ക്ക് സ്‌റ്റോക്‌സെന്നാല്‍ ആദ്യമായി മനസിലെത്തുക. വിക്കറ്റുകള്‍ തുടരെ വീഴുമ്പോഴും വാലറ്റത്തെ കൂട്ടുപിടിച്ചായിരുന്നു അന്ന് സ്‌റ്റോക്‌സ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. 100 ടെസ്റ്റ് മത്സരങ്ങളിലെ 179 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 6251 റണ്‍സാണ് സ്‌റ്റോക്‌സിന്റെ പേരിലുള്ളത്. 2016ല്‍ ആറാമനായി ഇറങ്ങി സൗത്താഫ്രിക്കക്കെതിരെ നേടിയ 258 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ആറാമനായി ഇറങ്ങി ടെസ്റ്റില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടെയാണിത്.
 
നായകനെന്ന നിലയില്‍ 66.67 ശതമാനമാണ് ടെസ്റ്റില്‍ സ്‌റ്റോക്‌സിന്റെ വിജയശതമാനം. 71.93 ശതമാനം വിജയമുള്ള ഓസീസ് നായകന്‍ സ്റ്റീവ് വോ മാത്രമാണ് നിലവില്‍ താരത്തിന് മുന്നിലുള്ളത്. 2016ലെ കേപ് ടൗണ്‍ ടെസ്റ്റില്‍ സ്‌റ്റോക്‌സ് 163 പന്തില്‍ നിന്നും നേടിയ 200 റണ്‍സ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഇരട്ടസെഞ്ചുറിയാണ്. 153 പന്തില്‍ നഥാന്‍ ആസില്‍ നേടിയ സെഞ്ചുറിയാണ് ലിസ്റ്റില്‍ ഒന്നാമത്. അതേസമയം ടെസ്റ്റില്‍ 5000 റണ്‍സും 100 വിക്കറ്റും 100 ക്യാച്ചും സ്വന്തമായുള്ള അഞ്ച് താരങ്ങളില്‍ ഒരാളാണ് സ്‌റ്റോക്‌സ്. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിട്ടുള്ള ഒരു താരത്തിനും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ലാത്ത നേട്ടമാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article