ഹിന്ദി അറിയാവുന്നവര്‍ മതി; ടീം ഇന്ത്യയുടെ പരിശീലകനാകാനുള്ള പോരാട്ടത്തില്‍ ദ്രാവിഡും രവി ശാസ്‌ത്രിയും നേര്‍ക്കുനേര്‍

Webdunia
വ്യാഴം, 2 ജൂണ്‍ 2016 (09:30 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് വിദേശ കോച്ച് എത്തില്ലെന്ന് വ്യക്തമായി. ഹിന്ദി ഭാഷ വ്യക്തമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാള്‍ പരിശീലകനായി എത്തിയാല്‍ മതിയെന്ന ബിസിസിഐയുടെ നിര്‍ദേശമുള്ളതിനാലാണ് വിദേശ കോച്ച് എന്ന സ്വപ്‌നം അവസാനിച്ചത്.  

പുതിയ പരിശീലകര്‍ക്കുള്ള ഒമ്പത് മാനദണ്ഡങ്ങളില്‍ ഹിന്ദി ഭാഷയും മറ്റ് പ്രാദേശിക ഭാഷയും അറിയാവുന്നവര്‍ക്കാണ് പരിഗണന. ഈ സാഹചര്യത്തിലാണ് വിദേശ പരിശീലകന്‍ ഉണ്ടാകില്ലെന്ന് വ്യക്തമായത്. വിദേശ പരിശീലകന്‍ വേണ്ട എന്ന തീരുമാനമായതോടെ മുന്‍ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡും രവി ശാസ്‌ത്രിയും തമ്മിലാണ് മത്സരമുണ്ടാകുക. സഞ്ജയ് ബംഗാര്‍, അരുണ്‍, ശ്രീധര്‍ എന്നിവരും അപേക്ഷ നല്‍കിയിട്ടുണ്ട്.

അതേസമയം, രാഹുല്‍ ദ്രാവിഡ് പരിശീലകന്‍ ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അണ്ടര്‍-19 ടീമിന്റെ പരിശീലകന്‍ എന്ന നിലയില്‍ അദ്ദേഹം നടപ്പാക്കിയ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. നിലവിലെ ഇന്ത്യന്‍ ടീമിലെ താരങ്ങളും മുന്‍ താരങ്ങളും ദ്രാവിഡിനെ പിന്തുണയ്‌ക്കുന്നതും അദ്ദേഹത്തിന് നറുക്ക് വീഴാന്‍ സാധ്യത കൂട്ടിയിരിക്കുകയാണ്.

ടീം ഇന്ത്യയുടെ ഭാഗമായി ശാസ്ത്രിയുടെ റെക്കോഡും മോശമല്ല. കളിക്കാരുമായുള്ള ബന്ധത്തിലും ടീമിന്റെ അച്ചടക്കത്തിലും ശ്രദ്ധപുലര്‍ത്തിയ ശാസ്ത്രിയുടെ കീഴില്‍ തങ്ങളുടെ കളി മെച്ചപ്പെട്ടിട്ടുണ്ടെന്ന് പല താരങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനും ഭാവി ഏകദിന-ട്വന്റി ഏകദിന-ട്വന്റി ക്യാപ്റ്റനുമായ വിരാട് കോലിയുമായുള്ള നല്ല ബന്ധവും അദ്ദേഹത്തിന്  തുണയാകും. ശ്രീലങ്കയ്ക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടെസ്റ്റ് പരമ്പര വിജയങ്ങളും ടീം ഡയറക്ടറെന്ന നിലയില്‍ ശാസ്ത്രിയുടെ തൊപ്പിയിലെ പൊന്‍തൂവലുകളാണ്.
Next Article