പുറത്താക്കലില്‍ നിന്ന് ധോണിയെ രക്ഷിച്ചത് ശ്രീനിവാസന്‍
വെള്ളി, 12 ജൂണ്‍ 2015 (13:57 IST)
ഇന്ത്യന്‍ ടെസ്‌റ്റ് ടീം നായകസ്ഥാനത്ത് നിന്ന് മഹേന്ദ്ര സിംഗ് ധോണിയെ നീക്കാന്‍ സെലക്ടര്‍മാര്‍ ഐക്യകണ്ഠേന തീരുമാനമെടുത്തെങ്കിലും ബിസിസിഐ അധ്യക്ഷനായിരുന്ന എന്‍ ശ്രീനിവാസന്‍ ഇത് വീറ്റോ ചെയ്യുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ദേശീയ ടീം മുന്‍ സെലക്ടറായ രാജ വെങ്കട്ടിന്‍റെയാണ് ഈ വെളിപ്പെടുത്തല്‍.
2011-2012ല്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 4-0ന്റെ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ സെലക്ടര്‍മാര്‍ ഒരുങ്ങിയത്. ധോണിയുടെ കീഴില്‍ ടീമിന്‍റെ മനോനില സാരമായി ഇടിഞ്ഞിട്ടുണ്ടെന്നും ടീമിനുള്ളില്‍ തന്നെ ഗ്രൂപ്പുകള്‍ ശക്തമാണെന്നും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. അന്ന് ഓസ്ട്രേലിയയില്‍ ടീമിനൊപ്പമുണ്ടായിരുന്ന സെലക്ടര്‍മാരായ മൊഹീന്ദര്‍ അമര്‍നാഥും നരേന്ദ്ര ഹിര്‍വാനിയും ധോണിയെ മാറ്റാന്‍ കഴിയുന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.
മഹേന്ദ്ര സിംഗ് ധോണിയെ മാറ്റി നിര്‍ത്തി വിരാട് കോഹ്‌ലിയെ ടെസ്‌റ്റ് നായകനാക്കാനായിരുന്നു പദ്ധതി. അതിനുള്ള കാരണം പലതായിരുന്നു. ടീമില്‍ പലഗ്രൂപ്പുകളാണെന്നും ടീം സ്പിരിറ്റെന്ന സംഭവമേയില്ലെന്നുമായിരുന്നു. ടീമില്‍ ഒത്തൊരുമ കൊണ്ടുവരാനാകുന്ന താരമെന്ന നിലയിലാണ് കോഹ്‌ലിയെ പരിഗണിച്ചത്. ആ പരമ്പരയിലെ ഏകദിനങ്ങള്‍ക്കുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തി.
സംഭവമറിഞ്ഞ ശ്രീനിവാസന്‍ ധോണിയെ നായകസ്ഥാനത്തു നിന്നും മാറ്റുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് സെലക്ടര്‍മാരെ അറിയിച്ചു. കൂടാതെ കൊഹ്‍ലിയെ നായകനാക്കിയുള്ള ടീം പട്ടികയില്‍ ഒപ്പിടാന്‍ അദ്ദേഹം മടിച്ചു. ബിസിസിഐ നിര്‍ദേശമനുസരിച്ച് വിദേശപരമ്പരകള്‍ക്കുള്ള ടീമിനെ പ്രസിഡന്റിന്റെ അന്തിമ അനുമതിയില്ലാതെ പ്രഖ്യാപിക്കാനാവില്ലെന്നതാണ് വിനയായതെന്നും രാജ വെങ്കട് വ്യക്തമാക്കി.