രണ്ട് ‘പരാജയ താരങ്ങള്‍’ക്ക് സാധ്യത; ജാദവിന് പകരം പന്ത് ലോകകപ്പില്‍ കളിക്കില്ല

വ്യാഴം, 16 മെയ് 2019 (13:52 IST)
ഐപിഎല്‍ ആരവങ്ങള്‍ അവസാനിച്ചതിന് പിന്നാലെ ഏകദിന ലോകകപ്പ് ആവേശത്തിലേക്ക് ക്രിക്കറ്റ് കടന്നു കഴിഞ്ഞു. ഇംഗ്ലണ്ടിലും വെയില്‍‌സിലുമായി നടക്കുന്ന മത്സരങ്ങള്‍ക്കായി മികച്ച മുന്നൊരുക്കങ്ങളാണ് ടീമുകള്‍ നടത്തുന്നത്.

എന്നാല്‍, ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കേദാര്‍ ജാദവിന്‍റെ പരുക്ക് ഇന്ത്യന്‍ ടീമിനെ അലട്ടുന്നുണ്ട്. മെയ് 23നാണ് ലോകകപ്പിനുള്ള അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിക്കേണ്ട അവസാന തിയതി. അതിനാല്‍ ജാദവിന്റെ ആരോഗ്യനിലയില്‍ ആശങ്ക കൂടുതലും ബി സി സി ഐക്കാണ്.

പരുക്ക് ഭേദമാകാതെ വരുകയും കേദാറിന് ലോകകപ്പില്‍ കളിക്കാന്‍ കഴിയാതെ വരുകയും ചെയ്‌താല്‍ റിസര്‍വ് താരമായ ഋഷഭ് പന്ത് ടീമിലെത്തും എന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍, റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ പോലുമില്ലാത്ത ആക്ഷാര്‍ പട്ടേലിനെ കേദാറിന് പകരക്കാരനായി പരിഗണിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ലോകകപ്പ് ടീമിന്റെ ചിത്രത്തില്‍ പോലുമില്ലാത്ത ആക്ഷാര്‍ പട്ടേലിനെ എന്ത് അടിസ്ഥാനത്തിലാണ് പരിഗണിക്കുന്നതെന്ന് വ്യക്തമല്ല. ടീം ഇന്ത്യയിലും ഐ പി എല്ലിലും അവസരം ലഭിച്ച താരമാണ് അക്ഷാര്‍ പട്ടേല്‍. എന്നാല്‍, ഇവിടെയൊന്നും മികവ് കാണിക്കാനോ മികച്ച പ്രകടനം നടത്താനോ യുവതാരത്തിനായിട്ടില്ല.

പട്ടേലിനെ പരിഗണിച്ചില്ലെങ്കില്‍ ഈ ഐ പി എല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഭാരമായി തീര്‍ന്ന അമ്പാട്ടി റായുഡു ജാദവിന് പകരം ടീമില്‍ എത്തുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നത് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണ്.
ലോകകപ്പ് ടീമില്‍ നിന്നും പന്തിനെ ഒഴിവാക്കാന്‍ വാശിപിടിക്കുകയും ഒരു സെലക്‍ടറെ ഉപയോഗിച്ച് നീക്കം നടത്തുകയും ചെയ്‌തത് കോഹ്‌ലിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

ഋഷഭിനെ ഒഴിവാക്കാന്‍ നിരവധി കാരണങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. ഒടുവില്‍, ചര്‍ച്ച തര്‍ക്കത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെ പന്തിനെ പുറത്തിരുത്തുക എന്ന തീരുമാനത്തിലേക്ക് സെലക്‍ടര്‍മാര്‍ എത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍