ഇങ്ങനെയുമുണ്ടോ നാണക്കേട്!, റാവൽപിണ്ടിയിൽ പാകിസ്ഥാനെ "പിണ്ടി"യാക്കി കടുവകൾ, ടെസ്റ്റിൽ പാകിസ്ഥാനെ തകർത്തത് 10 വിക്കറ്റിന്

അഭിറാം മനോഹർ
ഞായര്‍, 25 ഓഗസ്റ്റ് 2024 (16:16 IST)
bangladesh,Cricket
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് നാണം കെട്ട തോല്‍വി. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനാണ് ബംഗ്ലാദേശ് പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞത്. ആദ്യ ഇന്നിങ്ങ്‌സില്‍ 448 റണ്‍സിന് ഡിക്ലയര്‍ ചെയ്ത പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ തകര്‍ന്നടിഞ്ഞതോടെയാണ് മത്സരത്തില്‍ നാണം കെട്ട തോല്‍വി വഴങ്ങേണ്ടി വന്നത്.
 
 ആദ്യ ഇന്നിങ്ങ്‌സില്‍ സൗദ് ഷക്കീലിന്റെയും മുഹമ്മദ് റിസ്വാന്റെയും സെഞ്ചുറികളുടെ കരുത്തില്‍ 448 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. മുഹമ്മദ് റിസ്വാന്‍ 171 റണ്‍സില്‍ പുറത്താകാതെ നില്‍ക്കവെയായിരുന്നു ഡിക്ലയറേഷന്‍. തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 191 റണ്‍സുമായി തകര്‍ത്തടിച്ച മുഷ്ഫിഖര്‍ റഹീമിന്റെ സെഞ്ചുറി പ്രകടനത്തിന്റെ ബലത്തില്‍ 565 റണ്‍സ് അടിച്ചുകൂട്ടി. ബംഗ്ലാദേശിനായി ലിറ്റണ്‍ ദാസ്,മെഹദി ഹസന്‍,മൊമിനുള്‍ ഹഖ് എന്നിവരും തിളങ്ങി.
 
 എന്നാല്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ 117 ലീഡ് വഴങ്ങി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ ബാറ്റിംഗ് നിര 147 റണ്‍സിന് കൂടാരം കയറി. ഇതോടെ 30 റണ്‍സ് വിജയലക്ഷ്യം മാത്രമാണ് ബംഗ്ലാദേശിന് വിജയിക്കാന്‍ വേണ്ടിവന്നത്. രണ്ടാം ഇന്നിങ്ങ്‌സില്‍ 51 റണ്‍സുമായി മുഹമ്മദ് റിസ്വാന്‍ മാത്രമാണ് പാക് നിരയില്‍ തിളങ്ങിയത്. അബ്ദുള്ള ഷെഫീര്‍ 37 റണ്‍സും നായകന്‍ ബാബര്‍ അസം 22 റണ്‍സും ഷാന്‍ മസൂദ് 14 റണ്‍സും നേടി. മറ്റാര്‍ക്കും തന്നെ പാക് നിരയില്‍ രണ്ടക്കം കടക്കാനായില്ല.
 
11.5 ഓവറില്‍ 21 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസനും 17 ഓവറില്‍ 44 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് അല്‍ ഹസനുമാണ് പാകിസ്ഥാനെ തകര്‍ത്തത്. സെഞ്ചുറിയുമായി തിളങ്ങിയ മുഷ്ഫിഖുര്‍ റഹീമാണ് കളിയിലെ താരം.

അനുബന്ധ വാര്‍ത്തകള്‍

Next Article