ഫൈനലിൽ ഇന്ത്യക്ക് കൂട്ടതകർച്ച, ബംഗ്ലാദേശിനെതിരെ 177ന് പുറത്ത്

അഭിറാം മനോഹർ
ഞായര്‍, 9 ഫെബ്രുവരി 2020 (17:28 IST)
അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് കൂട്ടതകർച്ച. ബംഗ്ലാദേശിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 47.2 ഓവറിൽ 177 റൺസെടുക്കാനെ കഴിഞ്ഞുള്ളു. നാല് വിക്കറ്റിന് 156 റൺസ് എന്ന നിലയിൽ നിന്നാണ് 21 റൺസ് എടുക്കുന്നതിനിടയിൽ ഇന്ത്യ ആറ് വിക്കറ്റുകളും നഷ്ടപ്പെടുത്തിയത്.
 
മത്സരത്തിൽ 121 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും സഹിതം 88 റണ്‍സെടുത്ത യശ്വസി ജയ്സ്വാളിനൊഴികെ മറ്റാർക്കും തന്നെ ബാറ്റിങ്ങിൽ തിളങ്ങാനായില്ല. ലോകകപ്പിൽ മികച്ച ഫോമിൽ തുടരുന്ന യശസ്വിയുടെ പരമ്പരയിലെ നാലാം അർധ സെഞ്ച്വറിയാണിത്. ഇന്ത്യക്ക് വേണ്ടി തിലക് വർമ്മ 38 റൺസ് നേടി. 
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് ഓവർ പൂർത്തിയാക്കുമ്പോൾ വെറും ഒമ്പത് റൺസ് മാത്രമാണ് നേടിയത്. ഇതിനിടയിൽ ആദ്യ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. പിന്നീട് ഒത്തുച്ചേർന്ന തിലക് വര്‍മ, യശ്വസി ജയ്‌സ്വാൾ കൂട്ടുക്കെട്ടാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. രണ്ട് പേരും ചേർന്ന് രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 
 
65 പന്തില്‍ 38 റണ്‍സ് നേടിയ തിലക് വര്‍മ പുറത്തായതിനെ തുടർന്ന് ക്രീസിലെത്തിയ ഇന്ത്യൻ നായകൻ പ്രിയം ഗാർഗ് പക്ഷേ നിരാശപ്പെടുത്തി. ഏഴ് റൺസെടുത്ത പ്രിയം ഗാർഗ് പുറത്താന്തിന് പിന്നാലെ തന്നെ 88 റൺസെടുത്ത യശസ്വിയും പുറത്തായതോടെ ഒരു കൂട്ടതകർച്ചയാണ് പിന്നീടുണ്ടായത്. പ്രത്യേകിച്ച് യാതൊന്നും ചെയ്യാനില്ലാതെയാണ് തുടർന്നെത്തിയ ഓരോ ഇന്ത്യൻ ബാറ്റ്സ്മാനും പുറത്തായത്. ഒരു റണ്ണുമായി ആകാശ് സിംഗ് മത്സരത്തിൽ പുറത്താകാതെ നിന്നും. ഇതോടെ 47.2 ഓവറിൽ വെറും 177 റൺസിന് ഇന്ത്യൻ ബാറ്റിങ്ങ് അവസാനിച്ചു.
 
50 ഓവർ മത്സരത്തിൽ ഇന്ത്യയുടെ എട്ട് താരങ്ങൾക്കും രണ്ടക്കം കടക്കാൻ സാധിച്ചില്ല. ബംഗ്ലാദേശിന് വേണ്ടി അവിഷേക് ദാസ് മൂന്നും ഷൊരിഫുൾ ഇസ്‍ലാം, തൻസിം ഹസൻ സാകിബ് എന്നിവർ രണ്ടും വീതം വിക്കറ്റുകൾ വീഴ്ത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article