അവർ ഇന്ത്യയുടെ ഭാവി സൂപ്പർ താരങ്ങൾ, ഇന്ത്യൻ യുവതാരങ്ങളെ പുകഴ്ത്തി ഓസീസ് താരങ്ങൾ

അഭിറാം മനോഹർ

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (15:39 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമുകള്‍ തമ്മില്‍ പോരാടുമ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ തീപ്പാറുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണയില്‍ നിന്നും വ്യത്യസ്ഥമായി ടെസ്റ്റ് ടീമിലെ പ്രധാനതാരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരില്ലാതെയാണ് ഇത്തവണ ഇന്ത്യ ഇറങ്ങുന്നത്. രോഹിത്- കോലി എന്നിവര്‍ കഴിഞ്ഞാല്‍ യുവതാരങ്ങളുടെ പ്രകടനങ്ങളാകും പരമ്പരയില്‍ നിര്‍ണായകമാവുക.
 
 ഇപ്പോഴിതാ കോലി- രോഹിത് യുഗം അവസാനിക്കുകയാണെങ്കില്‍ ആരാകും ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോവുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവെച്ച വീഡിയോയില്‍ സ്റ്റീവ് സ്മിത്ത്,മിച്ചല്‍ സ്റ്റാര്‍ക്,നാഥന്‍ ലിയോണ്‍,ട്രാവിസ് ഹെഡ് തുടങ്ങിയ ഓസീസ് താരങ്ങളാണ് ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരങ്ങള്‍ ആരാകുമെന്ന് പ്രവചിച്ചത്.
 
 ഇന്ത്യന്‍ ഓപ്പണിംഗ് താരമായ യശ്വസി ജയ്‌സ്വാളും യുവതാരമായ ശുഭ്മാന്‍ ഗില്ലുമാകും ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരങ്ങളാവുക എന്നതാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പ്രവചിക്കുന്നത്. ഓസീസ് താരങ്ങളില്‍ കാമറൂണ്‍ ഗ്രീനും ട്രാവിസ് ഹെഡും ശുഭ്മാന്‍ ഗില്ലാകും ഇന്ത്യയുടെ ഭാവി താരമെന്ന് പറയുമ്പോള്‍ മാര്‍നസ് ലബുഷെയ്‌ന്റെ വോട്ട് രണ്ട് താരങ്ങള്‍ക്കുമാണ്.സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ താരങ്ങള്‍ യശ്വസി ജയ്‌സ്വാളാകും ഇന്ത്യയുടെ ഭാവി താരമെന്നും അഭിപ്രായപ്പെടുന്നു.
 
9 ടെസ്റ്റുകളില്‍ നിന്ന് 2 ഇരട്ടസെഞ്ചുറികള്‍ ഉള്‍പ്പടെ 68.53 റണ്‍സ് ശരാശരിയില്‍ 1028 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയിട്ടുള്ളത്. 23 ടി20 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും അഞ്ച് അര്‍ദ്ധസെഞ്ചുറിയും ഉള്‍പ്പടെ 36.15 ശരാശരിയില്‍ 723 റണ്‍സും നേടിയിട്ടുണ്ട്. ഏകദിന ഫോര്‍മാറ്റില്‍ ജയ്‌സ്വാള്‍ ഇതുവരെയും ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.
 
 അതേസമയം ശുഭ്മാന്‍ ഗില്‍ 47 ഏകദിനങ്ങളില്‍ നിന്നും 58.2 റണ്‍സ് ശരാശരിയില്‍ 2328 റണ്‍സാണ് നേടിയിട്ടുള്ളത്. 6 സെഞ്ചുറികളും 13 അര്‍ധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. 208 റണ്‍സാണ് ഏകദിനത്തില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 21 ടി20 മത്സരങ്ങളില്‍ നിന്ന് 30.4 ശരാശരിയില്‍ 578 റണ്‍സും താരത്തിന്റെ പേരിലുണ്ട്. 25 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 35.5 ശരാശരിയില്‍ 1492 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍