എതിര്‍ ടീമിനെ ഫോളോ-ഓണ്‍ ചെയ്യിച്ച ശേഷം ഓസ്‌ട്രേലിയ തോറ്റിരിക്കുന്നത് മൂന്ന് തവണ ! ഓവലിലും അത്ഭുതങ്ങള്‍ സംഭവിക്കുമോ?
വെള്ളി, 9 ജൂണ്‍ 2023 (09:00 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഏറെക്കുറെ തോല്‍വി സമ്മതിച്ച ശരീരഭാഷയിലാണ് ഇന്ത്യ കളിക്കുന്നത്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 469 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് എന്ന പരിതാപകരമായ അവസ്ഥയിലാണ്. ഓസ്ട്രേലിയയുടെ സ്‌കോറില്‍ നിന്ന് 318 റണ്‍സ് അകലെയാണ് ഇന്ത്യ ഇപ്പോള്‍. മാത്രമല്ല ഫോളോ-ഓണ്‍ ഭീഷണിയും നിലനില്‍ക്കുന്നു. ഫോളോ-ഓണ്‍ ഒഴിവാക്കണമെങ്കില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 270 റണ്‍സെങ്കിലും നേടണം. അതായത് ഫോളോ-ഓണില്‍ നിന്ന് ഇപ്പോഴും 119 റണ്‍സ് അകലെയാണ് ഇന്ത്യ. ശേഷിക്കുന്നത് വാലറ്റത്തെ അഞ്ച് വിക്കറ്റുകളും.
അതേസമയം ഓസ്‌ട്രേലിയന്‍ ക്യാംപ് പൂര്‍ണ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയെ ഫോളോ-ഓണ്‍ ചെയ്യിപ്പിക്കാന്‍ സാധിക്കുമെന്ന് ഓസീസ് പ്രതീക്ഷിക്കുന്നു. എങ്കിലും എതിര്‍ ടീമിനെ ഫോളോ-ഓണ്‍ ചെയ്യിച്ച ശേഷം തോല്‍വി വഴങ്ങിയ ടീമുകളില്‍ ഒന്നാം സ്ഥാനത്ത് തങ്ങള്‍ ആയതിനാല്‍ ഓസ്‌ട്രേലിയ നൂറ് ശതമാനം വിജയം ഉറപ്പിച്ചിട്ടില്ല. മൂന്ന് തവണയാണ് എതിര്‍ ടീമിനെ ഫോളോ-ഓണ്‍ ചെയ്യിച്ച ശേഷവും ഓസ്‌ട്രേലിയ തോല്‍വി വഴങ്ങിയിട്ടുള്ളത്. അതില്‍ ഒരെണ്ണം ഇന്ത്യക്ക് എതിരെ തന്നെ. ഈ ഓര്‍മകള്‍ ഓസ്‌ട്രേലിയ അത്ര വേഗം മറക്കില്ല.
1894 സിഡ്‌നി ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിച്ച ശേഷം ഓസ്‌ട്രേലിയ പത്ത് റണ്‍സിന്റെ തോല്‍വി വഴങ്ങിയിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 586 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 325 ല്‍ അവസാനിച്ചു. ഇംഗ്ലണ്ടിനെ ഫോളോ-ഓണ്‍ ചെയ്യിക്കുകയും ഒന്നാം ഇന്നിങ്സില്‍ 261 റണ്‍സിന്റെ കൂറ്റന്‍ ലീഡ് സ്വന്തമാക്കുകയും ചെയ്തു ഓസ്‌ട്രേലിയ. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 437 റണ്‍സ് നേടി. 177 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സ് 166 ല്‍ അവസാനിച്ചു.
1981 ഹെഡിങ്‌ലി ടെസ്റ്റിലും സമാന രീതിയില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങി. ഒന്നാം ഇന്നിങ്സില്‍ 227 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ശേഷം 18 റണ്‍സിന് തോല്‍ക്കുകയായിരുന്നു ഓസ്‌ട്രേലിയ.
സ്‌കോര്‍ ബോര്‍ഡ്
ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് - 401/9 ഡിക്ലയര്‍
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് - 174 ന് ഓള്‍ഔട്ട്
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് - 356 ന് ഓള്‍ഔട്ട്
ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് - 111 ന് ഓള്‍ഔട്ട്
ഇന്ത്യക്കെതിരെ 2001 ലാണ് ഫോളോ-ഓണ്‍ ചെയ്യിച്ച ശേഷം ഓസ്‌ട്രേലിയ തോല്‍വി വഴങ്ങുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഈ മത്സരം ഇന്ത്യന്‍ ആരാധകര്‍ ഇന്നും അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. ആദ്യ ഇന്നിങ്സില്‍ നാണംകെട്ട ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ ഐതിഹാസിക തിരിച്ചുവരവാണ് നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 445 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 171 ല്‍ അവസാനിച്ചിരുന്നു.
ഒന്നാം ഇന്നിങ്സില്‍ 274 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഫോളോ-ഓണ്‍ ചെയ്യിച്ചതിനാല്‍ ഇന്ത്യയെ വീണ്ടും ബാറ്റിങ്ങിനയക്കാന്‍ ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 657 റണ്‍സ് നേടിയ ശേഷം ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്സില്‍ 384 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 212 ന് ഓള്‍ഔട്ടായി. 171 റണ്‍സിന്റെ വിജയമാണ് അന്ന് ഇന്ത്യ സ്വന്തമാക്കിയത്.