‘കോഹ്‌ലിയുടെ വിക്കറ്റ് ഓസീസിന് വേണ്ട, അതോടെ ഇന്ത്യ തോല്‍‌ക്കും’; ഈ കുരുക്കഴിക്കാന്‍ വിരാടിനാകുമോ ?

Webdunia
ചൊവ്വ, 20 നവം‌ബര്‍ 2018 (16:48 IST)
വാചക കസര്‍ത്ത് കേട്ടാല്‍ ഏതൊരു ക്രിക്കറ്റ് പ്രേമിയും ചോദിക്കുക ഓസ്‌ട്രേലിയ കളിക്കേണ്ടത് വിരാട് കോഹ്‌ലിയോടാണോ എന്നാണ്. കളിക്കു മുമ്പേ എതിരാളികളെ വേട്ടയാടുന്ന കങ്കാരുക്കളുടെ പതിവ് രീതിക്ക് കുറവ് വന്നെങ്കിലും ഇന്ത്യന്‍ ക്യാപ്‌റ്റനെ വെറുതേ വിടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതിനു തക്കതായ ചില കാരണങ്ങളുമുണ്ട്.

റെക്കോര്‍ഡുകളുടെ തോഴന്‍ ഇത്തവണ ഓസീസ് മണ്ണിലെത്തുന്നത് വര്‍ദ്ധിത വീര്യത്തോടെയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. ദക്ഷിണാഫ്രിക്കയിലും പിന്നെ ഇംഗ്ലണ്ടിലും തോല്‍‌വിയായിരുന്നു ഫലമെങ്കിലും കോഹ്‌ലിയിലെ ബാറ്റ്‌സ്‌മാന്‍ കൂടുതല്‍ ‘ഷാര്‍പ്’ ആയിക്കൊണ്ടിരുന്നു.

മുൻ‌ താരം മിച്ചൽ ജോൺസനും ഇപ്പോഴത്തെ താരം പാറ്റ് കുമ്മിൻസും കോഹ്‌ലിക്കെതിരെ പ്രസ്‌താവന നടത്തിയത് വെറുതെയല്ല. സ്‌റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറുമില്ലാത്ത ഓസീസ് ടീം ശക്തമല്ലെന്ന് വ്യക്തമായ ധാരണ ഉള്ളതിനാലാണ്.

അക്രമണോത്സുകത അലങ്കാരമായി കൊണ്ടു നടക്കുന്ന കോഹ്‌ലിക്ക് മുമ്പില്‍ ആരു നിന്നാലും ഫലമുണ്ടാകില്ല. അടിക്ക് തിരിച്ചടിയാകും മറുപടിയായി ലഭിക്കുകയെന്ന് കഴിഞ്ഞ പര്യടനത്തിലെ സംഭവങ്ങളിലൂടെ കങ്കാരുക്കള്‍ക്ക് അറിയാം. സ്വന്തം നാട്ടിലായിട്ടു പോലും ഡിആര്‍എസ് വിവാദത്തില്‍ സ്‌മിത്തിനെ തളര്‍ത്താന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന് സാധിച്ചു.

ഡിആര്‍എസിന് മുമ്പ് ഡ്രസിംഗ് റൂമിലേക്ക് നോക്കി ഉപദേശം തേടിയ സ്‌മിത്തിനെയും കൂട്ടരെയും കോഹ്‌ലി അളവറ്റ്  പരിഹസിച്ചു. ഇവരുമായി തനിക്ക് യാതൊരു ചങ്ങാത്തവും ഉണ്ടാകില്ലെന്ന് തുറന്നടിക്കുകയും ചെയ്‌തു. അതിന്റെ നാണക്കേട് മാറി വന്നതിനു പിന്നാലെയാണ് പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ ലോകത്തിനു മുമ്പില്‍ നാണം കെട്ടത്. പിന്നാലെ ടീം ഒന്നുനു പുറകെ ഒന്നായി തോല്‍‌വികള്‍ ഏറ്റുവാങ്ങുകയും ചെയ്‌തു.

ക്രിക്കറ്റ് ഓസ്‌ട്രേലിയ തകര്‍ച്ചയിലൂടെ കടന്നു പോയ ഈ വര്‍ഷത്തില്‍ നേട്ടങ്ങളുടെ കൊടുമുടിയിലേക്കുള്ള യാത്രയിലായിരുന്നു കോഹ്‌ലി. റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത് മാത്രമല്ല അദ്ദേഹത്തിന്റെ നേട്ടം. പേസിന്റെ വിളനിലമായ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം കോഹ്‌ലിയിലെ ബാറ്റ്‌സ്‌മാനെ കൂടുതല്‍ പരുവപ്പെടുത്തി. സ്വദേശത്തും വിദേശത്തും അപകടകാരിയായ ബാറ്റ്സ്‌നായി അദ്ദേഹം തീര്‍ന്നു.

കോഹ്‌ലിയെ ഗ്രൌണ്ടിലോ പുറത്തോ പ്രകോപിപ്പിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുന്നത് നിങ്ങള്‍ക്കാകുമെന്ന് ഓസ്‌ട്രേലിയന്‍ ടീമിനെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ഫാഫ് ഡു പ്ലസിസ് ഓര്‍മിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ഈ സാഹചര്യങ്ങളാണ് ഓസ്‌ട്രേലിയയെ ഭയപ്പെടുത്തുന്നത്. അവിടെയും ഇവിടെയുമെല്ലാം ഇടക്കിടെ ഒരോ ടെസ്റ്റ് ജയിക്കുന്ന ടീമാവാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയ കോഹ്‌ലിയുടെ നിലപാടും ഈ പരമ്പര മുന്നില്‍ കണ്ടാണ്.

അഡ്‌ലെയ്ഡ്, പെര്‍ത്ത്, മെല്‍‌ബണ്‍, സിഡ്‌നി എന്നിവടങ്ങളിലാണ് ടെസ്‌റ്റ് മത്സരങ്ങള്‍. നാലും പേസിനും ബൌണ്‍സിനും പേരുകേട്ട നിലം. ഇതാണ് ഓസീസിന് ആശ്വസിപ്പിക്കുന്നത്. കോഹ്‌ലിയെ വീഴ്‌ത്തി കളി ജയിക്കുക എന്ന തന്ത്രമല്ല ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ചെയ്‌തത്. വിരാടിനെ ഒരറ്റത്ത് നിര്‍ത്തി സഹതാരങ്ങളുടെ വിക്കറ്റെടുക്കുക എന്ന രീതിയായിരുന്നു ഇവര്‍ പിന്തുടര്‍ന്നത്.

കോഹ്‌ലി അല്ലെങ്കില്‍ രോഹിത് ശര്‍മ്മയാകും കൂടുതല്‍ അപകടകാരിയെന്നാണ് ഓസ്‌ട്രേലിയ വിലയിരുത്തുന്നത്.  കൃത്യമായ ഇന്‍സ്വിംഗറുകളിലൂടെയോ അല്ലെങ്കില്‍ ഷോര്‍ട്ട് ബോളുകള്‍ തുടര്‍ച്ചയായി നല്‍കിയോ ഹിറ്റ്‌മാനെ പുറത്താക്കുമെന്നാണ് ഓസീസ് താരം നഥാന്‍ കോള്‍ട്ടര്‍നൈല്‍ വ്യക്തമാക്കുന്നത്. ശിഖര്‍ ധവാനെ സ്ലിപ്പില്‍ വീഴ്‌ത്താമെന്ന ഉറച്ച വിശ്വാസവും ഓസീസ് വെച്ചു പുലര്‍ത്തുന്നുണ്ട്.

ഈ മൂന്ന് താരങ്ങളെ മാറ്റി നിര്‍ത്തിയുള്ളവരുടെ കാര്യത്തില്‍ ഓസ്‌ട്രേലിയ്‌ക്ക് ആശങ്കയില്ല. ചേതേശ്വര്‍ പൂജാര,  അജിങ്ക്യാ രഹാനെ, റിഷഭ് പന്ത് എന്നിവരെ തളയ്‌ക്കാന്‍ ബുദ്ധിമുട്ടേണ്ടി വരില്ലെന്നാണ് അതിഥേയര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ഓസീസ് ആദ്യം ബാറ്റ് ചെയ്യുകയും 350ന് അടുത്തോ അതിനു മുകളിലോ സ്‌കോര്‍ ചെയ്യുകയോ ചെയ്‌താല്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകുമെന്ന് ഇതിഹാസ താരം സ്‌റ്റീവ് വോ വ്യക്തമാക്കാനുള്ള കാരണം പേസ് പിച്ചുകള്‍ മുന്നില്‍ കണ്ടാണ്. ഇങ്ങനെയുള്ള പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഓസീസ് പര്യടനം തീപാറുന്നതായിരിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article