ഐപിഎല്‍ പതിനാറാം സീസണില്‍ വിജയികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകന്‍ മഹേന്ദ്രസിംഗ് ധോനിയെ കിരീടനേട്ടത്തില്‍ അഭിനന്ദിച്ച് ഒളിമ്പിക് മെഡലിസ്റ്റും ഗുസ്തിതാരവുമായ സാക്ഷി മാലിക്. ധോനിയുടെ അഞ്ചാമത്തെ ഐപിഎല്‍ കിരീടനേട്ടത്തില്‍ പല മുന്‍താരങ്ങളും ടീമുകളും അഭിനന്ദനവുമായി എത്തുമ്പോള്‍ അഖിലേന്ത്യ ഗുസ്തി ഫെഡറേഷനെ ലക്ഷ്യം വെച്ചുള്ളതാണ് സാക്ഷി മാലിക്കിന്റെ അഭിനന്ദനം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി അഖിലേന്ത്യ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണെതിരെ സമരത്തിലാണ് രാജ്യത്തെ ഗുസ്തിതാരങ്ങള്‍. ബ്രിജ് ഭൂഷണ്‍ ഗുസ്തിതാരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് ഗുസ്തിതാരങ്ങളുടെ ആരോപണം. എന്നാല്‍ സമരം ഒരു മാസക്കാലം പിന്നിട്ടിട്ടും ഗുസ്തിതാരങ്ങളെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല കുറ്റാരോപിതനായ ബ്രിജ് ഭൂഷണെതിരെ നടപടികളും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സാക്ഷി മാലിക്കിന്റെ ട്വീറ്റ് ചര്‍ച്ചയായിരിക്കുന്നത്. അഭിനന്ദനങ്ങള്‍ ധോനി, ചെന്നൈയ്ക്കും അഭിനന്ദനങ്ങള്‍. രാജ്യത്ത് കുറച്ച് കായികതാരങ്ങള്‍ക്കെങ്കിലും അര്‍ഹമായ അംഗീകാരം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ക്ക് നീതിക്ക് വേണ്ടിയുള്ള സമരം ഇപ്പോഴും തുടരേണ്ട സ്ഥിതിയാണ്. സാക്ഷി മാലിക് കുറിച്ചു.