മോദി ഞങ്ങളുടെ ശബ്ദം കേൾക്കണം, രാജ്യത്തിനായി നേടിയ മെഡലുകൾ ഇന്ന് ഗംഗയിൽ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങൾ

ചൊവ്വ, 30 മെയ് 2023 (14:57 IST)
ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ബൂഷണെതിരായ സമരത്തില്‍ കടുത്ത നടപടിയിലേക്ക് കടന്ന് ഗുസ്തി താരങ്ങള്‍. അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് താരങ്ങള്‍ അറിയിച്ചു. തങ്ങളുടെ കഠിനാധ്വാനം കൊണ്ട് നേടിയ മെഡലുകള്‍ക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങള്‍ പറയുന്നു. ഇന്ന് വൈകീട്ട് 6 മണിക്ക് ഹരിദ്വാറില്‍ വെച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്നാണ് ഗുസ്തിതാരങ്ങള്‍ അറിയിച്ചിരിക്കുന്നത്.
 
മെഡലുകള്‍ ഗംഗയില്‍ ഒഴുക്കികളഞ്ഞതിന് ശേഷം ഇവര്‍ ഇന്ത്യാഗേറ്റില്‍ സമരം ഇരിക്കും. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കണോ അതോ പീഡകനൊപ്പം നില്‍ക്കണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ഗുസ്തിതാരങ്ങള്‍ പറയുന്നു. അതേസമയം ഗുസ്തി താരങ്ങളുടെ പരാതി പോക്‌സോ കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി രജിസ്ട്രാര്‍ക്കും ദില്ലി സര്‍ക്കാരിനും നോട്ടീസ് അയച്ചു. ജൂണ്‍ ആറിന് ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍