Asia Cup 2023 India Squad: ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം ഉടന്‍, രാഹുലും ശ്രേയസും പുറത്ത് തന്നെ; സഞ്ജുവിന് സുവര്‍ണാവസരം

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2023 (11:05 IST)
Asia Cup 2023 Indian Squad: ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 17 വരെ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിക്കാന്‍ സാധ്യത. ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനലാണ് ടീം പ്രഖ്യാപനം നടത്തുക. കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഏഷ്യാ കപ്പ് കളിച്ചേക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും പരുക്കില്‍ നിന്ന് പൂര്‍ണമുക്തി നേടി ഫിറ്റ്‌നെസ് തെളിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍ ഏഷ്യാ കപ്പിനുള്ള ടീമിലേക്ക് ഇരുവരെയും പരിഗണിക്കില്ല. 
 
ഇരുവരും നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര മത്സരം കളിക്കാന്‍ പാകത്തിന് ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. ഏകദിന ലോകകപ്പിന് മുന്‍പ് നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ആകും ഇരുവരും ഇനി തിരിച്ചെത്തുക. 
 
ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഏകദിന ലോകകപ്പിന് മുന്‍പ് ഏതാനും പരീക്ഷണങ്ങള്‍ക്കും ഏഷ്യാ കപ്പില്‍ ഇന്ത്യ തയ്യാറായേക്കും. രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷന്‍ ആയിരിക്കും ഏഷ്യാ കപ്പില്‍ ഓപ്പണറാകുക. ശുഭ്മാന്‍ ഗില്‍ മധ്യനിരയിലേക്ക് ഇറങ്ങും. വിരാട് കോലി മൂന്നാം നമ്പറില്‍ തുടരും. സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും ആണ് മധ്യനിരയിലേക്ക് പരിഗണിക്കുന്ന മറ്റ് ബാറ്റര്‍മാര്‍. ഇതില്‍ സൂര്യയെ ഫിനിഷര്‍ റോളിലേക്ക് സജ്ജമാക്കാനാണ് ദ്രാവിഡിന്റെ തീരുമാനം. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരായിരിക്കും പ്രധാന ഓള്‍റൗണ്ടര്‍മാര്‍. 
 
ഏഷ്യാ കപ്പ് സാധ്യത സ്‌ക്വാഡ്: ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, വിരാട് കോലി, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍ 
 

അനുബന്ധ വാര്‍ത്തകള്‍

Next Article