കുംബ്ലെ ധോണിയോടും കോഹ്‌ലിയോടും എന്താണ് പറയുക ?; കാര്യങ്ങളറിയാന്‍ ദ്രാവിഡും എത്തുന്നുണ്ട്

ശനി, 2 ജൂലൈ 2016 (15:29 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി സ്‌ഥാനമേറ്റ അനിൽ കുംബ്ലെ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണി ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. അണ്ടർ 19 ടീമിന്റെ പരിശീലകനായ രാഹുൽ ദ്രാവിഡുമായും പ്രത്യകം കൂടിക്കാഴ്‌ച നടത്താനാണ് കുംബ്ലെ പദ്ധതിയിട്ടിരിക്കുന്നത്.

ടീം ഇന്ത്യയെ ലോകത്തിലെ നമ്പര്‍ വണ്‍ ടീമാക്കാനുള്ള ശ്രമമാകും തന്റെ ഭാഗത്തു നിന്നും ഉണ്ടാകുക. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും കുംബ്ലെ വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു മുമ്പായി സ്‌ഥിതിഗതികൾ വിലയിരുത്താനും ദീർഘകാല അടിസ്‌ഥാനത്തിൽ പദ്ധതികൾ രൂപീകരിക്കാനുമാണ് കൂടിക്കാഴ്ച എന്നാണ് സൂചന.

ഇന്ത്യന്‍ നായകന്മാരുമായി ബംഗളൂരുവില്‍ വെച്ചാണ് കുംബ്ലെ കൂടിക്കാഴ്ച നടത്തുക. ഇവർക്കു പിന്നാലെ ദേശീയ സീനിയർ, ജൂണിയർ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. വിന്‍ഡീസ് പര്യടനത്തിന്റെ ഭാഗമായി ടീം പരിശീലനം ആരംഭിച്ചു കഴിഞ്ഞു.  

വെബ്ദുനിയ വായിക്കുക