അലിസ്റ്റര്‍ കുക്കിന് വാഗ്‌ദാനങ്ങളുമായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

Webdunia
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (11:20 IST)
ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ടെസ്റ്റ് താരം അലിസ്റ്റര്‍ കുക്കിന് പുതിയ വാഗ്‌ദാനവുമായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട് കുക്കിന് ഇഷ്ടമുളള ഏത് പദവിയും നല്‍കാന്‍ തയ്യാറാണെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ദേശീയ ടീം സെലക്ടര്‍ എഡ് സ്മിത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
'കുക്കിന്റെ അനുഭവ സമ്പത്ത് അമൂല്യമാണ്, അത് ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ബാറ്റിംഗ് പരിശീലകന്റെ റോളിലോ അതുപോലെ കുക്കിന് ഇഷ്ടമുള്ള റോള്‍ നല്കാന്‍ ഒരുക്കമാണ്’ എഡ് സ്മിത്ത് പറഞ്ഞു.
 
അതേസമയം കുക്ക് കമന്റേറ്ററുടെ റോളിലേക്ക് മാറുമെന്നും സൂചനകളുണ്ട്‍. ഇംഗ്ലീഷ് ചാനലായ ടോക്സ്പോര്‍ട്ടുമായി ഇതുസംബന്ധിച്ച് കുക്ക് കരാറിലെത്തിയെന്ന് ക്രിക്ക്ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലണ്ടിന്റെ അടുത്തവര്‍ഷത്തെ വിന്‍ഡീസ് പര്യടനത്തോടെ കമന്റേറ്ററുടെ റോളില്‍ കുക്ക് പ്രത്യക്ഷപ്പെടുമെന്നാണ് സൂചന.
 
ഇന്ത്യക്കെതിരെ തന്റെ അവസാന മത്സരത്തില്‍ സെഞ്ച്വറി അടിച്ചാണ് കുക്ക് കരിയറിന് അവസാനം കുറിച്ചത്. 266 പന്തില്‍ നിന്ന് 147 റണ്‍സെടുത്താണ് കുക്ക് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article