Ajinkya Rahane: ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഉറപ്പിച്ചിടത്തു നിന്ന് ഇപ്പോള്‍ ഇന്ത്യയുടെ രക്ഷകനായി മാറിയിരിക്കുകയാണ് അജിങ്ക്യ രഹാനെ. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പുജാര തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ ഓസീസിനെതിരെ പാറ പോലെ ഉറച്ചുനില്‍ക്കുകയായിരുന്നു അജിങ്ക്യ രഹാനെ. ഫോളോ-ഓണ്‍ ഭീഷണി ഭയന്നിടത്തു നിന്ന് ഇന്ത്യയെ മോശമല്ലാത്ത സ്‌കോറിലേക്ക് എത്തിക്കാന്‍ രഹാനെയുടെ ക്ലാസിക്ക് ഇന്നിങ്‌സിന് സാധിച്ചു.
ഫോംഔട്ടിനെ തുടര്‍ന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് തഴയപ്പെട്ട താരമാണ് രഹാനെ. ഏകദേശം ഒരു വര്‍ഷത്തിലേറെ രഹാനെ പുറത്തിരുന്നു. രഞ്ജി കളിച്ച് ഫോം വീണ്ടെടുത്ത ശേഷം രഹാനെയെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിക്കുന്ന കാര്യം തീരുമാനിക്കാം എന്നായിരുന്നു സെലക്ടര്‍മാരുടെ നിലപാട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ രഹാനെയ്ക്ക് പകരം ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍ എന്നിവരെ പരിഗണിച്ചാല്‍ മതിയെന്നും സെലക്ടര്‍മാരും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തീരുമാനിച്ചിരുന്നു. രഹാനെയുടെ വഴികള്‍ പൂര്‍ണമായും അടഞ്ഞ സമയമായിരുന്നു അത്.
ഒടുവില്‍ നിവൃത്തികേട് കൊണ്ടാണ് രഹാനെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ ഇടം പിടിച്ചത്. ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍ എന്നിവര്‍ക്ക് പരുക്കേറ്റതോടെ സീനിയര്‍ താരമായ രഹാനെയെ തിരിച്ചുവിളിക്കുകയല്ലാതെ വേറെ വഴിയില്ലാതെ പോയി. ഇന്ത്യക്ക് പുറത്ത് കളിച്ചിട്ടുള്ള രഹാനെയുടെ പരിചയ സമ്പത്തിന് മാത്രമാണ് സെലക്ടര്‍മാര്‍ ആ സമയത്ത് പരിഗണിച്ചത്. സെലക്ടര്‍മാര്‍ക്ക് മുന്നില്‍ മറ്റ് സാധ്യതകളൊന്നും അപ്പോള്‍ ഇല്ലായിരുന്നു. എന്നാല്‍ തന്നെ ടീമിലെടുത്ത തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് രഹാനെ ഓവലില്‍ നടത്തിയത്.