'വിരമിക്കാന്‍ തയ്യാറെടുക്കൂ'; പുജാരയ്ക്കും രഹാനെയ്ക്കും അവസാന അവസരം, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിരാശപ്പെടുത്തിയാല്‍ പുറത്ത്

ഞായര്‍, 12 ഡിസം‌ബര്‍ 2021 (09:22 IST)
ചേതേശ്വര്‍ പൂജാരയ്ക്കും അജിങ്ക്യ രഹാനെയ്ക്കും അവസാന അവസരം നല്‍കാന്‍ ബിസിസിഐ. ദക്ഷിണാഫ്രിക്കന്‍ പര്യടനമായിരിക്കും ഇരുവര്‍ക്കുമുള്ള അവസാന അവസരമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരുടേയും ഫോംഔട്ട് ആശങ്കപ്പെടുത്തുന്നതായി ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ കേവലം അര്‍ധ സെഞ്ചുറി ഇന്നിങ്‌സ് മാത്രം പുറത്തെടുത്താല്‍ പോരാ എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മികച്ച ഇന്നിങ്‌സുകള്‍ തന്നെ കളിച്ചാലേ രഹാനെയേയും പുജാരയേയും ഇന്ത്യന്‍ ടീമില്‍ ഇനിയും കാണാന്‍ കഴിയൂ എന്നും ബിസിസിഐ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്റെ സൂചനയായാണ് രഹാനെയെ ടെസ്റ്റ് ക്രിക്കറ്റ് ഉപനായക പദവിയില്‍ നിന്ന് നീക്കിയത്. പുജാരയ്ക്ക് പകരക്കാരനായി ഹനുമ വിഹാരിയേയും രഹാനെയ്ക്ക് പകരക്കാരനായി ശ്രേയസ് അയ്യരേയും ബിസിസിഐ പരിഗണിക്കുന്നു. 
 
പുജാരയേക്കാളും രഹാനെയേക്കാളും ടീമില്‍ ഭീഷണി നേരിടുന്നത് പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടെ ഇഷാന്ത് ശര്‍മയ്ക്ക് ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ അവസരം നല്‍കാനാണ് സെലക്ടര്‍മാരുടേയും ബിസിസിഐയുടേയും തീരുമാനം. ഇക്കാര്യം ഇഷാന്തിനെ അറിയിച്ചിട്ടുണ്ട്. വിരമിക്കല്‍ തീരുമാനം സ്വയം എടുക്കണമെന്നാണ് ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍