ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച താരമാണ് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. രണ്ടു ലോകകപ്പും ഒരു ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും രാജ്യത്തിന് സമ്മാനിച്ച ധീരനായകന്‍ ഇന്ന് കരിയറിന്റെ അവസാന ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്.
ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ഏകദിന മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ധോണിയില്‍ നിന്നുണ്ടായത്. മെല്ലെപ്പോക്ക് ബാറ്റിംഗ് പുറത്തെടുത്ത മുന്‍ നായകന്‍ ക്രിക്കറ്റ് മതിയാക്കണമെന്നുവരെ വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ അമ്പയറുടെ കൈയില്‍ നിന്നും ധോണി മാച്ച് ബോള്‍ വാങ്ങിയതാണ് പുതിയ ചര്‍ച്ചകള്‍ക്കും ആശങ്കയ്‌ക്കും കാരണമായത്.
പ്രകടനത്തിന്റെ പേരില്‍ ചീത്തവിളികള്‍ ശക്തമായിരിക്കെയാണ് 2014ല്‍ ധോണി ടെസ്‌റ്റില്‍ നിന്നും വിരമിച്ചത്.
അന്ന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് സമാനമായ സംഭവമുണ്ടായത്. ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പുള്ള അവസാന മത്സരത്തില്‍ ധോണി അമ്പയറില്‍ നിന്ന് മാച്ച് ബോള്‍ ചോദിച്ച് വാങ്ങുകയായിരുന്നു.
ധോണി അമ്പയറുടെ കൈയില്‍ നിന്നും പന്ത് വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറകള്‍ ഒപ്പിയെടുക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ച നായകന്‍ ക്രിക്കറ്റ് മതിയാക്കുന്നു എന്ന വാര്‍ത്തകളും സജീവമായത്.