നാല് വർഷമായി നാലാം സ്ഥാനത്ത് ആര് വേണമെന്ന ചർച്ച ഇപ്പോഴും തുടരുന്നു: ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി സഹീർഖാൻ

ഞായര്‍, 26 മാര്‍ച്ച് 2023 (10:37 IST)
2019 ലോകകപ്പിൽ തുടങ്ങിയ നാലാം സ്ഥാനക്കാരൻ ആരാകണമെന്ന ചർച്ച 2023ലും തുടരുന്നുവെന്ന് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ. യുവ്‌രാജ് സിംഗ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ത്യയുടെ നമ്പർ 4 പൊസിഷനെ പറ്റിയുള്ള ചർച്ചകൾ സജീവമായത്. 2019ലെ ലോകകപ്പിൽ ഇന്ത്യ സെമിയിൽ പുറത്തുപോകുന്നതിൽ വരെ ഈ സ്ഥിരം നാലാം സ്ഥാനക്കാരൻ ഇല്ലാത്ത പ്രശ്നം കാരണമായി.
 
നിലവിലെ ഇന്ത്യൻ ടീമിൽ നാലാം സ്ഥാനക്കാരനെ പറ്റി വലിയ ആശങ്കകൾ തന്നെ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അപ്രതീക്ഷിതമായി ശ്രേയസ് അയ്യർക്കേറ്റ പരിക്കാണ് ടീമിനെയാകെ പിന്നോട്ടടിക്കുകയും ചർച്ചകൾ വീണ്ടും നാലാം സ്ഥാനക്കാരനിലേക്ക് എത്തിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നാലാം സ്ഥാനത്ത് മികച്ച പ്രകടനമാണ് ശ്രേയസ് നടത്തുന്നത്. എന്നാൽ ശ്രേയസിന് പരിക്കേറ്റതോടെ നാലാം സ്ഥാനക്കാരനായി ടീമിലെത്തിയ സൂര്യകുമാർ യാദവ് കഴിഞ്ഞ സീരീസിൽ ദയനീയമായാണ് പരാജയപ്പെട്ടത്.
 
നാലാം നമ്പറിൽ ആര് കളിക്കണമെന്ന് നമ്മൾ തീരുമാനിക്കേണ്ടതുണ്ട്. 2019ലെ ലോകകപ്പിന് പോകുമ്പോഴും ഇന്ത്യയുടെ ചർച്ചകൾ നാലാം സ്ഥാനക്കാരനെ ചുറ്റിപറ്റിയായിരുന്നു. 2023ലെത്തി നിൽക്കുമ്പോഴും നമ്മൾ നിന്നിടത്ത് തുടരുകയാണ് സഹീർ ഖാൻ പറഞ്ഞു. ശ്രേയസാണ് നമ്മുടെ നാലാം നമ്പറെന്ന് അറിയാം. പക്ഷേ അവൻ്റെ സേവനം ലഭ്യമല്ലെങ്കിൽ ഒരു പകരക്കാരൻ നമ്മൾക്കുണ്ടായിരിക്കണം. സഹീർ ഖാൻ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍