Afghanistan vs Hong Kong: ഏഷ്യാ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാനു ജയം

രേണുക വേണു

ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (08:30 IST)
Afghanistan

Afghanistan vs Hong Kong: ഏഷ്യാ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഹോങ് കോങ്ങിനെ 94 റണ്‍സിനു തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടിയപ്പോള്‍ ഹോങ് കോങ്ങിനു 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് വെറും 94 റണ്‍സ്. 
 
അബുദാബി ഷെയ്ഖ് സയദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓപ്പണര്‍ സിദ്ധിഖുള്ള അതല്‍ (52 പന്തില്‍ 73), ആറാമനായി ക്രീസിലെത്തിയ അസ്മത്തുള്ള ഒമര്‍സായി (21 പന്തില്‍ 53) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് അഫ്ഗാനിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മുഹമ്മദ് നബി 26 പന്തില്‍ 33 റണ്‍സെടുത്തു. 
 
മറുപടി ബാറ്റിങ്ങില്‍ 43 പന്തില്‍ 39 റണ്‍സ് നേടിയ ബാബര്‍ ഹയാത്ത് മാത്രമാണ് ഹോങ് കോങ്ങിനായി അല്‍പ്പമെങ്കിലും പൊരുതിയത്. നായകന്‍ യാസിം മുര്‍ത്താസ 26 പന്തില്‍ 16 റണ്‍സെടുത്തു. ബാക്കിയെല്ലാവരും രണ്ടക്കം കാണാതെ പുറത്തായി. 
 
ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തിയ ഒമര്‍സായി രണ്ട് ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഒമര്‍സായിയാണ് കളിയിലെ താരം. ഫസല്‍ഹഖ് ഫറൂഖി, ഗുല്‍ബാദിന്‍ നായിബ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍. റാഷിദ് ഖാനും നൂര്‍ അഹമ്മദും ഓരോ വിക്കറ്റ് വീഴ്ത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍