Natwest Trophy 2002, Sourav Ganguly: എല്ലാവരും ജേഴ്‌സി ഊരി കറക്കണമെന്ന് ഗാംഗുലി, പറ്റില്ലെന്ന് സച്ചിന്‍ തറപ്പിച്ചു പറഞ്ഞു; വിഖ്യാതമായ 'ലോര്‍ഡ്‌സ് സെലിബ്രേഷന്‍' പിറന്നത് ഇങ്ങനെ

വ്യാഴം, 13 ജൂലൈ 2023 (11:27 IST)
Sourav Ganguly: ഇന്ത്യയുടെ 2002 ലെ നാറ്റ് വെസ്റ്റ് ട്രോഫി വിജയത്തിനു 21 വയസ് തികഞ്ഞിരിക്കുകയാണ്. ശക്തരായ ഇംഗ്ലണ്ടിനെ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ നാറ്റ് വെസ്റ്റ് കിരീടം സ്വന്തമാക്കിയത്. സൗരവ് ഗാംഗുലിയായിരുന്നു അന്ന് ഇന്ത്യന്‍ നായകന്‍. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 325 റണ്‍സ് നേടിയപ്പോള്‍ 49.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം കണ്ടു. ഇന്ത്യ തോല്‍വി ഉറപ്പിച്ച മത്സരമാണ് പിന്നീട് ചരിത്ര വിജയങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്. 
 
മാര്‍ക്കസ് ട്രെസ്‌ക്കോത്തിക്, നാസര്‍ ഹുസൈന്‍ എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചതാണ്. ഓപ്പണര്‍മാരായ വിരേന്ദര്‍ സെവാഗും സൗരവ് ഗാംഗുലിയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 14.3 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 106 ല്‍ എത്തിച്ചു. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ തകര്‍ച്ചയാണ് കണ്ടത്. സ്‌കോര്‍ ബോര്‍ഡില്‍ 146 ആകുമ്പോഴേക്കും ഇന്ത്യയുടെ അഞ്ച് വിക്കറ്റുകളും നഷ്ടമായി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി. എന്നാല്‍ യുവരാജ് സിങ്ങും മുഹമ്മദ് കൈഫും ചേര്‍ന്ന് ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിക്കുകയും ഐതിഹാസിക വിജയം സമ്മാനിക്കുകയും ചെയ്തു. മുഹമ്മദ് കൈഫ് 75 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ യുവരാജ് സിങ് 63 പന്തില്‍ 69 റണ്‍സ് നേടി. 
 
ലോര്‍ഡ്‌സില്‍ നടന്ന നാറ്റ് വെസ്റ്റ് ഫൈനലില്‍ ഇന്ത്യ വിജയറണ്‍ കുറിച്ചപ്പോള്‍ നായകന്‍ സൗരവ് ഗാംഗുലി ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍ നിന്ന് ജേഴ്‌സി ഊരി കറക്കി. ഗാംഗുലിയുടെ വിജയാഘോഷം അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. മുംബൈയിലെ വാങ്കഡെയില്‍ ഇന്ത്യയെ തോല്‍പ്പിച്ച ശേഷം ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ് മൈതാനത്ത് വെച്ച് തന്നെ ജേഴ്‌സി ഊരി ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഇതിനു മറുപടിയായാണ് ഗാംഗുലി ലോര്‍ഡ്‌സില്‍ ജേഴ്‌സി ഊരി കറക്കിയത്. ഇതേ കുറിച്ച് അന്നത്തെ ടീം മാനേജര്‍ രാജീവ് ശുക്ല രസകരമായ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. 
 
ബാല്‍ക്കണിയിലുള്ള എല്ലാ താരങ്ങളും ജേഴ്‌സി ഊരി ആഹ്ലാദ പ്രകടനം നടത്തണമെന്നായിരുന്നു നായകന്‍ ഗാംഗുലിയുടെ ആഗ്രഹം. ഫ്‌ളിന്റോഫിന് അതേ നാണയത്തില്‍ മറുപടി നല്‍കുക എന്നതായിരിക്കണം ഗാംഗുലിയുടെ ചിന്ത. പക്ഷേ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇതിന് എതിരായിരുന്നു. ജേഴ്‌സി ഊരി ആഹ്ലാദ പ്രകടനം നടത്തരുതെന്നും ക്രിക്കറ്റ് മാന്യതയുടെ കളിയാണെന്നും സച്ചിന്‍ തന്റെ ചെവിയില്‍ പറഞ്ഞെന്ന് രാജീവ് ശുക്ല വെളിപ്പെടുത്തി. ഗാംഗുലി അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അദ്ദേഹം ചെയ്യട്ടെ എന്നായിരുന്നു സച്ചിന്റെ നിലപാടെന്നും ശുക്ല കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍