സിറാജെ, മറ്റ് വഴിയില്ല, താരത്തെ ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കി രോഹിത് ശർമ

അഭിറാം മനോഹർ

ഞായര്‍, 19 ജനുവരി 2025 (09:08 IST)
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതെ പറ്റി വിശദമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സിറാജിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ രോഹിത് വിശദീകരിച്ചു. സിറാജിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണ്. പഴയ പന്തില്‍ മികവ് പുലര്‍ത്താന്‍ സിറാജിനാകുന്നില്ല എന്നത് വസ്തുതയാണ്. ന്യൂബോളില്‍ സിറാജിനെ ഇപ്പോള്‍ ഉപയോഗിക്കുന്നുമില്ല. അതുകൊണ്ട് മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് സിറാജിനെ ഒഴിവാക്കുന്നത്. പുതിയ പന്തിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഒരേപോലെ പന്തെറിയാന്‍ കഴിയുന്ന ബൗളര്‍മാരെയാണ് ടീമിലേക്ക് പരിഗണിച്ചത്. രോഹിത് വ്യക്തമാക്കി.
 
നായകന്‍ രോഹിത് ശര്‍മ ഇങ്ങനെയാണ് അഭിപ്രായപ്പെട്ടതെങ്കിലും ഏകദിനത്തില്‍ സമീപകാലത്തെല്ലാം മികച്ച പ്രകടനമാണ് സിറാജ് നടത്തിയിട്ടുള്ളത്. 2022ല്‍ ഏകദിനങ്ങളില്‍ 23.4 ശരാശരിയില്‍ 24 വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് 2023ല്‍ 20.6 ശരാശരിയില്‍ 44 വിക്കറ്റുകള്‍ വീഴ്ത്തി മിന്നുന്ന ഫോമിലായിരുന്നു. ഇതിനിടയില്‍ ഏകദിന ഫോര്‍മാറ്റില്‍ ഒന്നാം സ്ഥാനത്തെത്താനും സിറാജിനായിരുന്നു. അവസാന 6 ഏകദിനങ്ങളില്‍ 3 വിക്കറ്റുകളാണ് സിറാജിന് നേടാനായത്. ഇതാണ് സെലക്ഷനില്‍ സിറാജിന് പണിയായത്.
 
 നിലവില്‍ ഐസിസി ഏകദിന റാങ്കിംഗില്‍ എട്ടാം സ്ഥാനത്താണ് സിറാജ്. ടെസ്റ്റ് ഫോര്‍മാറ്റില്‍  ഓസ്‌ട്രേലിയക്കെതിരെ നിറം മങ്ങിയതാണ് മുഹമ്മദ് സിറാജിന് വിനയായത്. മുഹമ്മദ് ഷമി പരിക്കില്‍ നിന്നും മുക്തനായി തിരിച്ചെത്തിയതും ജസ്പ്രീത് ബുമ്ര കളിക്കുമെന്നതുമാണ് സിറാജിന്റെ വഴിയടച്ചത്. മുഹമ്മദ് സിറാജിന് പകരം അര്‍ഷദീപ് സിംഗാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍