കപ്പ് കൈവിടാതിരിക്കാന്‍ ഇന്ത്യയും, നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഒരുങ്ങിയെത്തുന്ന ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പതിനൊന്നാം ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തിന് നാളെ തുടക്കമാകും. പൂള്‍ എ, പൂള്‍ ബി എന്നീ ഗ്രൂപ്പുകളിലായി 14 ടീമുകളാണ് ലോകകപ്പ് കൈപ്പിടിയിലൊതുക്കുന്നതിനായി ഇറങ്ങുന്നത്.
ഓസ്ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പൂള്‍ എയില്‍ ആതിഥേയ ടീമുകള്‍ക്കൊപ്പം ഇംഗ്ലണ്ടും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും സ്കോട്ലന്‍ഡും ബംഗ്ലാദേശും അണിനിരക്കുന്നു. പൂള്‍ ബിയില്‍ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കും വിന്‍ഡീസിനും യുഎഇക്കും അയര്‍ലന്‍ഡിനും സിംബാബ്വെയ്ക്കുമൊപ്പമാണ് ടീം ഇന്ത്യ. ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ ഓരോ പൂളില്‍ നിന്നും ക്വാര്‍ട്ടറില്‍ ഇടം പിടിക്കും.
നാളെ ആരംഭിക്കുന്ന പ്രാഥമിക റൌണ്ട് മല്‍സരങ്ങളില്‍ ആദ്യം ന്യൂസിലന്‍ഡ് ശ്രീലങ്കയേയും തുടര്‍ന്ന് ഇംഗ്ലണ്ട് ഓസ്ട്രേലിയയും നേരിടും. ഇന്ത്യുടെ ആദ്യ മല്‍സരം 15ന് പാക്കിസ്ഥാനുമായാണ്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഒരുങ്ങിയെത്തുന്ന ഓസ്ട്രേലിയയും ആണ് ഇത്തവണത്തെ ഫേവറേറ്റുകള്‍. ദക്ഷിണാഫ്രിക്ക എന്നത്തേയും പോലെ വന്‍ ടീമിനെ അണി നിരത്തുമ്പോള്‍ സ്വന്തം നാട്ടില്‍ കൂടുതല്‍ ഉല്‍സാഹികളും അപകടകാരികളുമായ ന്യൂസിലന്‍ഡിനെ എല്ലാ ടീമുകളും ഭയക്കേണ്ട നിലയിലാണ്. മികച്ച നിര ഉണ്ടെങ്കിലും നാല്‍പതു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാനുറച്ചാണ് ഇംഗ്ലണ്ട് എത്തുന്നത്. അതേസമയം നിരവധി വൈവിധ്യങ്ങളുമായാണ് പാകിസ്ഥാന്‍ എത്തുന്നത്. ബാറ്റിംഗില്‍ നായകന്‍ മിസ്‌ബാ ശ്രദ്ധേയനാകുമ്പോള്‍ ബൌളിംഗ് തന്നെയാണ് പാകിസ്ഥാന്റെ കരുത്ത്. പ്രവചനങ്ങള്‍ക്ക് പിടിതരാത്ത പ്രതിഭകളുടെ സംഘവുമായിട്ടാണ് ശ്രീലങ്കയും, വെസ്‌റ്റ് ഇന്‍ഡീസും എത്തുന്നത്.