ട്വന്റി- 20 ലോകകപ്പ് ഇന്ത്യക്കെന്ന് സച്ചിനും പീറ്റേഴ്‌സണും

Webdunia
വ്യാഴം, 4 ഫെബ്രുവരി 2016 (12:19 IST)
അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി- 20 ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുക്കറും മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണും. മുതിര്‍ന്ന താരങ്ങളും യുവാക്കളും ഉള്‍പ്പെട്ട സന്തുലിതമായ ടീമായ ഇന്ത്യക്ക് സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ നേട്ടം കൂടിയുണ്ട്. ആതിഥേയരെന്ന ആനുകൂല്യം മുതലാക്കിയാല്‍ ഇന്ത്യയാകും ഫേവ്‌റ്റേറ്റുകളെന്നും സച്ചിന്‍ പറഞ്ഞു.

ട്വന്റി- 20യില്‍ ശക്തരായ ഓസ്‌ട്രേലിയയെ അവരുടെ നാട്ടിലെത്തി പരാജയപ്പെടുത്താന്‍ കഴിഞ്ഞതിന് പിന്നില്‍ സുന്ദരമായ ക്രിക്കറ്റാണ്. മികച്ച പ്രകടനായിരുന്നു കാഴ്‌ചവെച്ചത്. ആശിഷ് നെഹ്റയുടെയും യുവരാജിന്റെയും തിരിച്ചുവരവ് ഇന്ത്യന്‍ ടീമിനെ ശക്തിപ്പെടുത്തിയപ്പോള്‍ പുതുമുഖം ജസ്പ്രീത് ബുംറയുടെ പ്രകടനം മികച്ചതായിരുന്നു. ഏറെ അനുഭവസമ്പത്തുള്ള ഹര്‍ഭജനും ടീമിലുള്ളതിനാല്‍ കിരീടം നേടാന്‍ ഈ ടീമിന് കഴിയുമെന്നും സച്ചിന്‍ പറഞ്ഞു.

സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം കൂടി ഇവര്‍ക്ക് മുതലാക്കാനായാല്‍ ഇന്ത്യയെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലെന്ന് പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിരാട് കോഹ്‌ലിയും രോഹിത്ത് ശര്‍മയുമാണ് ഇന്ത്യയുടെ ഹീറോസ്. ഇരുവരും തന്നെയാണ് തന്റെ ഇഷ്ട താരങ്ങളെന്നും, ഇവരുടെ ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ താരം ഷെയ്‌ന്‍ വാട്‌സണും ഇന്ത്യക്കാണ് ട്വന്റി- 20 ലോകകപ്പെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ കളിക്കുന്നതിന്റെ ഗുണവും മികച്ച താരങ്ങളുമുള്ള ടീം ഇന്ത്യ ശക്തരാണ്. 2011 ലോകകപ്പില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ഇന്ത്യ കപ്പ് ഉയര്‍ത്തിയത് എല്ലാവരും കണ്ടതാണ്. സ്‌പിന്‍ വിഭാഗവും ശക്തമായതിനാല്‍ ഇന്ത്യക്കാവും കാര്യങ്ങള്‍ എളുപ്പമാകുകയെന്നും വാട്‌സണ്‍ വ്യക്തമാക്കിയിരുന്നു.