പന്ത് കോഹ്ലിയെ രക്ഷിച്ചു, സഞ്ജുവിനെ ഇനി പ്രതീക്ഷിക്കണ്ട !

ഗോൾഡ ഡിസൂസ

വ്യാഴം, 19 ഡിസം‌ബര്‍ 2019 (11:17 IST)
വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍102 റൺസിന്റെ അത്യുജ്ജല ജയമായിരുന്നു വിശാഖപട്ടണത്ത് ഇന്ത്യ കാഴ്ച വെച്ചത്. ചെപ്പോക്കിലെ പരാജയത്തിനു പലിശ സഹിതമുള്ള മറുപടി. രോഹിത് ശർമയും കെ എൽ രാഹുലും അടിത്തറ കെട്ടിപ്പൊക്കി. പിന്നാലെ വന്ന വിരാട് കോഹ്ലി പൂജ്യനായി മടങ്ങിയപ്പോൾ ശേഷമെത്തിയ റിഷഭ് പന്തും ശ്രേയസ് അയ്യരും കൂട്ടിച്ചേർത്ത റൺസ് കൂടി പരിഗണിച്ചപ്പോൾ ഇന്ത്യൻ സ്കോർബോർഡിൽ ആകെ പിറന്നത് 387 റൺസ്. ഇതിനെ മറികടക്കാൻ വിൻഡീസിനായില്ല.
 
ഇതിൽ റിഷഭ് പന്തിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. നേരിട്ട 16 ബോളിൽ നിന്നായി 39 റൺസാണ് പന്ത് അടിച്ചെടുത്തത്. വിമർശകരുടെ മുഖം നോക്കിയുള്ള അടിയെന്ന് തന്നെ പറയാം. വിക്കറ്റിനു പിറകിലും പന്ത് നന്നായി തന്നെ കളിച്ചു. ചെപ്പോക്കിലും സമാനമായ പ്രകടനമായിരുന്നു പന്ത് കാഴ്ച വെച്ചത്. പന്തിന്റെ അർധസെഞ്ച്വറിയായിരുന്നു ചെപ്പോക്കിൽ ഇന്ത്യയുടെ മുഖ്യ സമ്പാദ്യം. 
 
ഓരോ തവണയും പന്തിനെതിരെ വിമർശനം കടുപ്പിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരുന്നു. പല സാഹചര്യങ്ങളിലും സമ്മർദ്ദത്തിലായ പന്തിനെ അപ്പോഴൊക്കെ, ചേർത്തു പിടിച്ചത് ക്യാപ്റ്റൻ വിരാട് കോഹ്ലി ആയിരുന്നു. റിഷഭ് പന്ത് എന്ന വിക്കറ്റ് കീപ്പറേയും ബാറ്റ്സ്മാനേയും ഒരുപോലെയാണ് കാണികൾ വിമർശിച്ചത്. എന്നാൽ, പന്തിന് സമയം നൽകണമെന്നും അവന്റെ കഴിവിൽ പൂർണവിശ്വാസമുണ്ടെന്നും പലയാവർത്തി കോഹ്ലി പറഞ്ഞിട്ടുണ്ട്. 
 
തന്നെ ചേർത്തുപിടിച്ച ക്യാപ്റ്റനെ നാണം കെടുത്താത്ത പന്തിനെയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ക്രിക്കറ്റ് പ്രേമികൾ കണ്ടത്. പന്ത് ഇതേ ഫോർമാറ്റിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ സഞ്ജു സാംസണിന്റെ കാര്യം കഷ്ടത്തിലാകും. പന്തിനു പകരം ഉയർന്നു കേൾക്കുന്ന പേരാണ് സഞ്ജുവിന്റെത്. വിക്കറ്റ് കീപ്പറായോ ഫോമിൽ അല്ലാത്ത മറ്റൊരാൾക്ക് പകരമായോ സഞ്ജുവിനെ ഒരു കളിയിലെങ്കിലും പരിഗണിച്ചു കൂടേ എന്നാണ് മലയാളികൾ ചോദിക്കുന്നത്. 
 
എന്നാൽ, പന്തിന് പകരം എന്തായാലും ഇനി സഞ്ജുവിനെ പരീക്ഷിക്കാൻ വിരാട് കോഹ്ലിയോ രവി ശാസ്ത്രിയോ സെലക്ടർമാരോ തയ്യാറാകില്ലെന്ന് തന്നെ ഉറപ്പിക്കാം.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍