ഇന്ത്യക്കെതിരായുള്ള രണ്ടാം ഏകദിനമത്സരത്തിൽ രാഹുലിന്റെയും രോഹിത്തിന്റെയും സെഞ്ച്വറി പ്രകടനങ്ങളുടെ ആഘാതത്തിൽ തീർത്തും അവശരരായിരുന്നു വിൻഡീസ് ടീം. എന്നാൽ പൂരപറമ്പിലെ വെടിക്കെട്ടിലെ കൊട്ടികലാശം ബാക്കിയുണ്ടെന്നും ഇതെല്ലാം വെറും സൂചനകൾ മാത്രമായിരുന്നുവെന്നും വിൻഡീസ് തിരിച്ചറിഞ്ഞത് ഇന്ത്യയുടെ യുവബോംബുകളായ ശ്രേയസ് അയ്യരും ഋഷഭ് പന്തും കളിക്കളത്തിൽ ഇറങ്ങിയപ്പോളാണ്. വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ഇരുപത് വർഷം പഴക്കമുള്ള ഒരു റെക്കോഡ് കൂടിയാണ് ഇരുവരും ചേർന്ന് തകർത്തത്.
ഇതിൽ കളിക്കളത്തിൽ ഇറങ്ങിയ മുതൽ സിക്സറുകൾ പായിച്ചു തുടങ്ങിയ പന്തിന്റെ ഇന്നിങ്സായിരുന്നു ശ്രദ്ധേയം. തന്റെ ഫോമിനെ കുറിച്ച് സംശയങ്ങൾ ഉന്നയിച്ച വിമർശകരോടുള്ള ചുട്ട മറുപടിയായിരുന്നു ഗാലറിയിലേക്ക് കുതിച്ച ഓരോ പന്തും തന്നെ. ശ്രേയസ് കൂടി മത്സരത്തിൽ തകർത്തടിച്ചപ്പോൾ മത്സരത്തിൽ തകർന്നത് 20 വർഷങ്ങൾ മുൻപുള്ള റെക്കോഡ്.
വിൻഡീസിനെതിരെ സ്പിന്നർ റോസ്റ്റൺ ചേസെറിഞ്ഞ 47മത് ഓവറിലായിരുന്നു ശ്രേയസ് പന്ത് സഖ്യം അടിച്ചുകസറിയത്. ഈ ഓവറിലെ ആദ്യ പന്ത് നോബോൾ. ശ്രേയസ് ഓടിയതോടെ ലഭിച്ചത് രണ്ട് റൺസ് തൊട്ടടുത്ത പന്തിൽ വീണ്ടും സിംഗിൾ. രണ്ടും മൂന്നും പന്തുകൾ സിക്സർ നേടിയ ശ്രേയസ് നാലാം പന്തിൽ ബൗണ്ടറി നേടുന്നു. അടുത്ത രണ്ട് പന്തുകളിലും സിക്സർ പായിക്കുമ്പോൾ ഒരോവറിൽ പിറന്നത് 31 റൺസ് അതിൽ 29 റൺസുകളും ശ്രേയസിന്റെ വക.