വിന്‍ഡീസ് അടിച്ചുതകര്‍ക്കുന്നു, ഇന്ത്യയുടെ നില പരുങ്ങലില്‍!

വ്യാഴം, 31 മാര്‍ച്ച് 2016 (22:00 IST)
ട്വന്‍റി20 ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയുടെ നില പരുങ്ങലില്‍. 193 റണ്‍സ് വിജയലക്‍ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് രണ്ടുവിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത ക്രിസ് ഗെയ്‌ല്‍ ബൂംറയുടെ പന്തില്‍ ക്ലീന്‍ ബൌള്‍ഡാകുകയായിരുന്നു. 
 
അത് ബൂംറയുടെ ആദ്യ ബോള്‍ ആയിരുന്നു. ഫുള്‍ടോസ് പന്തില്‍ ഗെയ്‌ലിന്‍റെ വിക്കറ്റ് തെറിച്ചു. ഇന്ത്യയ്ക്ക് ഇതുപോലെ ഒരു ആശ്വാസനിമിഷം വേറെയുണ്ടാവില്ല. ഗെയ്‌ലിനെ ആദ്യ അഞ്ചോവറിനുള്ളില്‍ പുറത്താക്കുകയായിരുന്നു ഇന്ത്യയുടെ ബൌളിംഗ് തന്ത്രങ്ങളില്‍ ഏറ്റവും പ്രധാനം.
 
പിന്നീട് സാമുവല്‍‌സിനെ നെഹ്‌റയുടെ പന്തില്‍ രഹാനെ പിടിച്ച് പുറത്താക്കി. എട്ടുറണ്‍സായിരുന്നു സാമുവല്‍‌സ് നേടിയത്. അതായിരുന്നു ഇന്ത്യ അവസാനമായി സന്തോഷിച്ച നിമിഷം. ഇടയ്ക്ക് സിമ്മണ്‍സിനെ ക്യാച്ചെടുത്ത് ബൂംറ പുറത്താക്കിയെങ്കിലും അശ്വിന്‍ എറിഞ്ഞത് നോബോള്‍ ആയിരുന്നു. പിന്നീട് ചാള്‍സും സിമ്മന്‍‌സും ചേര്‍ന്ന് താണ്ഡവമൊരുക്കി. ചാള്‍സ്(52) കൊഹ്‌ലിയുടെ പന്തില്‍ പുറത്തായപ്പോള്‍ ഇന്ത്യ വീണ്ടും ഒന്ന് ശ്വാസം വിട്ടു. 
 
ഇപ്പോള്‍ 13 ഓവറില്‍ 116 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡീസ്. പല തവണ ലൈഫ് കിട്ടിയ വിരാട് കൊഹ്‌ലിയുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടിയത്. പുറത്താകാതെ നിന്ന കൊഹ്‌ലി 63 പന്തുകളില്‍ 89 റണ്‍സെടുത്തു. 15 റണ്‍സുമായി ധോണി പിന്തുണ നല്‍കി. 
 
40 റണ്‍സെടുത്ത രഹാനെയും 43 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായ വിക്കറ്റുകള്‍. ശിഖര്‍ ധവാന് പകരം അജിന്‍‌ക്യ രഹാനെയാണ് രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്തത്. രോഹിത് ശര്‍മ തകര്‍ത്തടിച്ചുവെങ്കിലും പെട്ടെന്ന് പുറത്തായി. പകരമെത്തിയ വിരാട് കൊഹ്‌ലി നാലുതവണ പുറത്താകലില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. കൊഹ്‌ലിക്കൊപ്പം ഉറച്ചുനിന്ന രഹാനെ ബ്രാവോയ്ക്ക് ബൌണ്ടറി ലൈനില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്. 
 
കൊഹ്‌ലി വന്ന് നിലയുറപ്പിക്കുന്നതിന് മുമ്പ് രണ്ട് റണ്‍‌ഔട്ട് സാധ്യതകളില്‍ നിന്നാണ് രക്ഷപ്പെട്ടത്. പിന്നീട് രണ്ട് ക്യാച്ചുകളും കൊഹ്‌ലി നല്‍കിയെങ്കിലും അതും മുതലാക്കാന്‍ വിന്‍‌ഡീസ് ഫീല്‍ഡര്‍മാര്‍ക്ക് കഴിഞ്ഞില്ല. അതിന് വിന്‍‌ഡീസ് കനത്ത വില നല്‍കേണ്ടിവന്നുവെന്ന് മാത്രം.
 
സമീപകാലത്തൊന്നും ഇല്ലാത്ത മികച്ച ഓപ്പണിംഗാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ആറ് ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ 60 റണ്‍സ് പിന്നിട്ടു. റസലിന്‍റെ ഒരോവറില്‍ രണ്ട് സിക്സറുകള്‍ പറത്തി മത്സരം ശര്‍മ ആവേശത്തിലാക്കി. ഉജ്ജ്വലമായ പിന്തുണയാണ് രഹാനെ നല്‍കിയത്. ബദ്രിയാണ് ശര്‍മയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 
 
ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിക്കുന്നവര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടും.

വെബ്ദുനിയ വായിക്കുക